വാഷിംഗ്ടണ്: അമേരിക്കയിലെ തൊഴില് അധിഷ്ഠിത ഗ്രീന് കാര്ഡിനായി കാത്തിരിക്കുന്നവരില് 79 ശതമാനവും ഇന്ത്യക്കാരാണെന്ന് യു എസ് കോണ്ഗ്രസ് അംഗം ജോഷ് ഗോട്ട്ഹൈമര്. 12.64 ലക്ഷത്തിലധികം പേര് ഉള്പ്പെടുന്ന കാത്തിരിപ്പു പട്ടികയില് ഇന്ത്യക്കാരുടെ എണ്ണം 9.96 ലക്ഷത്തിലധികമാണെന്നാണ് കണക്ക്. ഇന്ത്യന് പ്രൊഫഷണലുകള് നേരിടുന്ന ദീര്ഘകാല കാത്തിരിപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ന്യൂജേഴ്സിയില്നിന്നുള്ള ഡെമോക്രാറ്റിക് പാര്ട്ടി അംഗമായ ഗോട്ട്ഹൈമര് ഇക്കാര്യം വ്യക്തമാക്കിയത്.
വിര്ജീനിയയിലെ ആര്ലിംഗ്ടണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന നാഷണല് ഫൗണ്ടേഷന് ഫോര് അമേരിക്കന് പോളിസി (എന് എഫ് എ പി) നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര് നേരിടുന്ന കാത്തിരിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. പഠനമനുസരിച്ച്, ഇബി-2 വിഭാഗത്തില് അപേക്ഷിക്കുന്ന ഇന്ത്യക്കാര്ക്ക് ഗ്രീന് കാര്ഡ് ലഭിക്കാന് 179 വര്ഷം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പ്രവചനം.
ന്യൂജേഴ്സിയിലെ ഏഷ്യന് അമേരിക്കന്, പസഫിക് ഐലന്ഡര് (എ എ പി ഐ) സമുദായ നേതാക്കളുമായി നടത്തിയ ചര്ച്ചയ്ക്കുശേഷമാണ് ഗോട്ട്ഹൈമറുടെ ഓഫീസ് ഈ കണക്കുകള് പുറത്തുവിട്ടത്.
ഡിസംബറില് അവസാനിച്ച 2025-ലെ കണക്കുകള് അടിസ്ഥാനമാക്കി എന് എഫ് എ പി ഓഗസ്റ്റില് പ്രസിദ്ധീകരിച്ച വിശകലനപ്രകാരം, തൊഴില് അധിഷ്ഠിത കുടിയേറ്റ വിസകളുടെ ആദ്യ മൂന്ന് മുന്ഗണനാ വിഭാഗങ്ങളിലായി കാത്തിരിക്കുന്ന 12,64,495 പേരില് 9,96,599 പേരും ഇന്ത്യക്കാരാണ്. ഇത് ആകെ അപേക്ഷകരുടെ 79 ശതമാനത്തോളം വരും.
2026 ജനുവരിയിലോ അതിനുശേഷമോ അപേക്ഷിക്കുന്ന ഇന്ത്യക്കാര്ക്ക് ഇബി-2 വിഭാഗത്തില് 179 വര്ഷവും ഇബി-3 വിഭാഗത്തില് 38 വര്ഷവും കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് പഠനത്തിന്റെ കണക്ക്. നിലവിലെ നിയമങ്ങളില് മാറ്റമുണ്ടായില്ലെങ്കില് 2040-ഓടെ കാത്തിരിക്കുന്ന അപേക്ഷകളുടെ എണ്ണം 20 ലക്ഷത്തിലധികമാകാമെന്നും റിപ്പോര്ട്ട് മുന്നറിയിപ്പ് നല്കുന്നു.
തൊഴില് അധിഷ്ഠിത കുടിയേറ്റ വിസകള്ക്ക് ഏര്പ്പെടുത്തിയിട്ടുള്ള വാര്ഷിക പരിധിയും രാജ്യാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളുമാണ് നീണ്ട കാത്തിരിപ്പിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിസകള്ക്കായുള്ള ഉയര്ന്ന ആവശ്യകതയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
അമേരിക്കന് നിയമപ്രകാരം, പ്രതിവര്ഷം അനുവദിക്കുന്ന തൊഴില് അധിഷ്ഠിത ഗ്രീന് കാര്ഡുകളുടെ ഏഴ് ശതമാനത്തില് കൂടുതല് ഒരു രാജ്യത്തിന് ലഭിക്കരുത്. ഇന്ത്യയെപ്പോലെ ജനസംഖ്യയും അപേക്ഷകരുടെ എണ്ണവും കൂടുതലുള്ള രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഈ നിയന്ത്രണം ആനുപാതികമായി കൂടുതല് തിരിച്ചടിയാകുന്നു.
തൊഴില് അധിഷ്ഠിത ഗ്രീന് കാര്ഡുകള്ക്കുള്ള രാജ്യാടിസ്ഥാനത്തിലുള്ള പരിധികള് ഒഴിവാക്കാനുള്ള നടപടിക്ക് ഗോട്ട്ഹൈമര് പിന്തുണ നല്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അതിര്ത്തി സുരക്ഷയും കുടിയേറ്റ നിയമങ്ങളുടെ നടപ്പാക്കലും ഉറപ്പാക്കുന്നതിനൊപ്പം അപേക്ഷകരോട് നീതിപൂര്വം പെരുമാറാനും അമേരിക്കയ്ക്ക് കഴിയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സിഖ് അമേരിക്കക്കാര്ക്കെതിരായ വിവേചനം തടയുന്നതിനുള്ള നിയമനിര്ദേശവും ഗോട്ട്ഹൈമര് എടുത്തുപറഞ്ഞു. 2026 ജനുവരിയില് കാലിഫോര്ണിയയില്നിന്നുള്ള റിപ്പബ്ലിക്കന് കോണ്ഗ്രസ് അംഗം ഡേവിഡ് വലാഡോയുമായി ചേര്ന്നാണ് അദ്ദേഹം സിഖ് അമേരിക്കന് ആന്റി- ഡിസ്ക്രിമിനേഷന് ആക്ട് അവതരിപ്പിച്ചത്.
സിഖ് വിരുദ്ധ വിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങള് കൈകാര്യം ചെയ്യാന് നീതിന്യായ വകുപ്പിന് കീഴില് പ്രത്യേക ദൗത്യസംഘം രൂപീകരിക്കുക, സിഖ് വിരുദ്ധ വിദ്വേഷത്തിന് ഫെഡറല് തലത്തില് നിര്വചനം കൊണ്ടുവരിക, ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കുക, വിഷയത്തില് കോണ്ഗ്രസിന് പ്രതിവര്ഷ റിപ്പോര്ട്ട് സമര്പ്പിക്കുക തുടങ്ങിയവയാണ് നിര്ദേശത്തിലുള്ളത്.
ന്യൂജേഴ്സിയില് ഏകദേശം ഒരു ലക്ഷം സിഖ് വംശജര് താമസിക്കുന്നുണ്ടെന്നാണ് ഗോട്ട്ഹൈമറുടെ ഓഫീസ് വ്യക്തമാക്കുന്നത്.
എ എ പി ഐ സമൂഹത്തില് വ്യത്യസ്ത വംശീയ പശ്ചാത്തലങ്ങളും ഭാഷകളും വിശ്വാസങ്ങളും പാരമ്പര്യങ്ങളുമുള്ളവരുണ്ട്. എന്നാല് സമൂഹങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരേ മനോഭാവമാണ് എല്ലാവര്ക്കുമുള്ളതെന്നും അതുകൊണ്ടാണ് വാഷിംഗ്ടണിലും ഇരുപാര്ട്ടികളിലെയും ജനപ്രതിനിധികളുമായി ചേര്ന്നും നിങ്ങളെ പിന്തുണയ്ക്കാന് താന് ശ്രമിക്കുന്നതെന്നും ഈ സമൂഹത്തിന്റെ സംഭാവനകളെ ആഘോഷിക്കുന്നതില് മാത്രം ഒതുങ്ങാനാവില്ലെന്നും ഗോട്ട്ഹൈമര് പറഞ്ഞു.
ന്യൂജേഴ്സി അസംബ്ലി അംഗം ഷാമ ഹൈദര്, റിവര് എഡ്ജ് കൗണ്സില് അംഗം പ്രീതി ധരിവാള്, സിഖ് ചേംബര് ഓഫ് കൊമേഴ്സ് പ്രസിഡന്റ് യോഗി വിര്ക്ക് എന്നിവരും ചര്ച്ചയില് പങ്കെടുത്തു.
