കിഫ്ബിയുടെ പരമാധികാരത്തിന് കടിഞ്ഞാൺ, ഭൂമി ഏറ്റെടുക്കലിലും വൻ ക്രമക്കേട്; സമഗ്ര പരിശോധന വേണമെന്ന് വിദഗ്ധ സമിതി

കിഫ്ബിയുടെ പരമാധികാരത്തിന് കടിഞ്ഞാൺ, ഭൂമി ഏറ്റെടുക്കലിലും വൻ ക്രമക്കേട്; സമഗ്ര പരിശോധന വേണമെന്ന് വിദഗ്ധ സമിതി


തിരുവനന്തപുരം: കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെട്ടു. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധനയ്ക്കും റിപ്പോര്‍ട്ടില്‍ ശുപാർശ നല്‍കി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ള അധ്യക്ഷയും ഫെഡറല്‍ ബാങ്ക് മുന്‍ സിഇഒ ശ്യാം ശ്രീനിവാസന്‍, എച്ച് സുബ്ബലക്ഷമി, മുന്‍ കേന്ദ്ര റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് എന്നിവരടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ധനകാര്യ വകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉപയോഗിക്കാതെ മൂലധനം സമാഹരിക്കുക എന്നതായിരുന്നു കിഫ്ബിയുടെ യഥാര്‍ഥ ലക്ഷ്യം. എന്നാല്‍ കിഫ്ബി നടത്തുന്ന കടമെടുപ്പ് ഇപ്പോള്‍ ആ പരിധിക്കുള്ളില്‍ കണക്കാക്കപ്പെടുന്നതിനാല്‍ ആ ലക്ഷ്യം ഇല്ലാതായിരിക്കുന്നു. സംസ്ഥാനം സ്വന്തം നിലയില്‍ കടമെടുക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് കിഫ്ബി കടമെടുക്കുന്നത്. വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ കിഫ്ബിക്കില്ല എന്നു മാത്രമല്ല, അതിൻ്റെ ബാധ്യതകള്‍ സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള ബാധ്യതകളാണ്. മാത്രമല്ല, ബജറ്റിനു പുറത്തു നിന്നു കടമെടുക്കുന്ന ഒരു സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിയെ കണ്ടിട്ടുമില്ലെന്നും കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിൻ്റെ കടമെടുപ്പിൻ്ന്റെറെ ഭ3ാഗമായാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളതെന്നും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

കിഫ്ബിയുടെ പ്രവർത്തനത്തിൽ ഓഡിറ്റ് വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പത്ത് വർഷത്തെ പ്രവർത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയിൽ നിന്ന് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽ നിന്ന് ഒഴിവാക്കണം. കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണം, തിരിച്ചടവിനായി വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണം, നിലവിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കണം, ഇതിനായി 2026–27 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് വാർഷിക ബജറ്റിൽ തുക വകയിരുത്തണം, കിഫ്ബിയുടെ ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിക്കണം, കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് കടം മാറ്റി പലിശ ഭാരം കുറയ്ക്കണം, കിഫ്ബി പുനഃസംഘടിപ്പിക്കണം എന്നീ ശുപാര്‍ശകളാണ് വിദഗ്ധ സമിതി നല്‍കുന്നത്. ഫണ്ട് സമാഹരണം, പദ്ധതികൾക്ക് ധനസഹായം നൽകൽ എന്ന നിലയിൽ കിഫ്ബി തുടരേണ്ടതില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന യഥാർത്ഥ ലക്ഷ്യം ഇല്ലാതായി എന്നും റിപ്പോര്‍ട്ടിലുണ്ട്.

കണ്ണൂർ ജില്ലയിൽ കിഫ്‌ബിയുടെ ഭൂമി ഏറ്റെടുക്കലില്‍ വൻ ക്രമക്കേട് ഉണ്ടെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റെടുക്കല്‍ ദുരൂഹമാണെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. 3829 ഏക്കർ 9572 കോടിക്ക് കണ്ണൂരിൽ ഏറ്റെടുത്തു. ഭൂമി വിലയുടെ അഞ്ചിരട്ടി തുകയിലാണ് ഇത്. നടപടിയിൽ സമഗ്ര പരിശോധന വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.