ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത സാങ്കേതികവിദ്യയിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോനിപത് 89 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവീസ് നടത്തുക. ഗോഹാന ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലൂടെ ട്രെയിൻ സർവീസ് ലഭ്യമാകും.
ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രോട്ടോൺ എക്‌സചേഞ്ച് മെംബ്രെയ്ൻ (PEM) ഫ്യുവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഓവർഹെഡ് വൈദ്യുതിലൈനുകളെ ആശ്രയിക്കാതെ ട്രെയിൻ സ്വയം വൈദ്യുതി ഉൽപാദിപ്പിച്ച് പ്രവർത്തിക്കും. പ്രവർത്തനത്തിനിടെ ജലബാഷ്പവും ചൂടും മാത്രമാണ് പുറന്തള്ളുക. അതിനാൽ ഇത് പൂർണമായും മലിനീകരണരഹിത ഗതാഗത സംവിധാനമാണ്.
ട്രെയിൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച പ്രധാനമന്ത്രി, ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ നിലവിൽ മൂന്നോ നാലോ രാജ്യങ്ങൾക്ക് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞു. 'ലോകത്ത് ഹൈഡ്രജൻ ട്രെയിനുകൾ വന്നിട്ട് ഏഴോ എട്ടോ വർഷം മാത്രമാണ്. എന്നാൽ ജിന്ദിനും സോനിപതിനും ഇടയിൽ ഓടുന്ന ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനാണ്,' അദ്ദേഹം അവകാശപ്പെട്ടു.
മറ്റ് രാജ്യങ്ങളിൽ സാധാരണ മൂന്ന് മുതൽ നാല് കോച്ചുകൾ വരെയുള്ള ഹൈഡ്രജൻ ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ തുടക്കം തന്നെ 10 കോച്ചുകളുള്ള ഹൈഡ്രജൻ ട്രെയിനാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാനാകുന്ന ട്രെയിനിന്റെ സാധാരണ സർവീസ് വേഗം മണിക്കൂറിൽ 75 കിലോമീറ്ററും പരമാവധി രൂപകൽപനാ വേഗം 110 കിലോമീറ്ററുമാണ്.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ മികച്ച ഉദാഹരണമാണ് ഈ ട്രെയിനെന്നും, ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകളുമായി ബന്ധപ്പെട്ട കൂടുതൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്ടറികളും സ്ഥാപിക്കുമെന്നും മോഡി പറഞ്ഞു. ഇതിലൂടെ ഹരിയാനയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെയാണ് ഇന്ത്യ പെട്രോൾ, ഡീസൽ, എൽപിജി, വളം എന്നിവയുടെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നതെന്നും, കഴിഞ്ഞ ഏതാനും മാസങ്ങളായി ആ മേഖല യുദ്ധഭീഷണി നേരിടുകയാണെന്നും മോദി പറഞ്ഞു. 2014ന് മുമ്പ് ഇതുപോലൊരു സാഹചര്യമുണ്ടായിരുന്നെങ്കിൽ ഡീസൽ എൻജിനുകളെ ആശ്രയിച്ചിരുന്ന ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനം ഗുരുതരമായി ബാധിക്കുമായിരുന്നുവെന്നും, എന്നാൽ റെയിൽവേ വൈദ്യുതീകരണം വ്യാപകമാക്കിയതിലൂടെ രാജ്യം ഇപ്പോൾ കൂടുതൽ സുരക്ഷിത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രജൻ സംഭരണവും ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനവും ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യ സമഗ്ര ഹൈഡ്രജൻ റെയിൽ ശൃംഖലയും ജിന്ദിൽ ഒരുക്കിയിട്ടുണ്ട്. ഈ പരീക്ഷണ പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹൈഡ്രജൻ ട്രെയിൻ സർവീസ് വ്യാപിപ്പിക്കുന്നത്.
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് തുടങ്ങി; 'ഈ സാങ്കേതികവിദ്യയുള്ളത് മൂന്നോ നാലോ രാജ്യങ്ങൾക്ക് മാത്രം' എന്ന് മോഡി
