ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്. വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കും. ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വ്യോമസേന എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു.

'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും, രഹസ്യസ്വഭാവത്തോടെയും, വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് വ്യോമസേന ചുമതലകള്‍ പൂര്‍ത്തിയാക്കിയത്. ട്വീറ്റില്‍ വിശദമാക്കുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലിരിക്കെയാണ് വ്യോമസേനയുടെ പ്രതികരണം. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങള്‍ യോഗം വിലയിരുത്തി.