ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തിന് കാരണം ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം 'കെടുകാര്യസ്ഥതയും' 'സംവേദനക്ഷമതയില്ലായ്മയും' ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന മെച്ചപ്പെട്ട സേവനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവുമാണ്,' എന്ന് അദ്ദേഹം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
'പ്രയാഗ്രാജിലേക്ക് പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഇന്ത്യന്‍ റെയില്‍വേയുടെ 'കെടുകാര്യസ്ഥത'യെ അപലപിച്ചു.
'സംഭവം വളരെ നിര്‍ഭാഗ്യകരമാണ്, ഇരകള്‍ക്ക് അനുശോചനം അറിയിക്കുന്നു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ റെയില്‍വേയുടെ തെറ്റായ മാനേജ്മെന്റാണിത്. റെയില്‍വേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം,' ലാലു പ്രസാദ് യാദവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
മഹാകുംഭത്തിനായുള്ള ജനക്കൂട്ട മാനേജ്മെന്റ് നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം തുറന്നടിച്ചത് 'കുംഭ് കാ കഹാന്‍ കോയി മത്ലാബ് ഹേ. ഫാല്‍തു ഹേ കുംഭ്' (കുംഭം അര്‍ഥശൂന്യമാണ്, അത് ഉപയോഗശൂന്യമാണ്) എന്നാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സമാനമായ വികാരങ്ങള്‍ പ്രകടിപ്പിച്ചു. മരണസംഖ്യ സംബന്ധിച്ച് കേന്ദ്രം 'സത്യം മറച്ചുവെക്കുകയാണെന്ന്' അദ്ദേഹം ആരോപിച്ചു.
ഭക്തര്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും അവഗണിച്ചതായി എ എ പി നേതാവ് അതിഷി ആരോപിച്ചു. 'പ്രയാഗ്രാജിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ല,' അവര്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദ്യം ചെയ്തു. 'കെടുകാര്യസ്ഥത കാരണം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?' അദ്ദേഹം ചോദിച്ചു.