റഷ്യൻ എണ്ണ: ഇന്ത്യയുടെ മുൻഗണന ഊർജ്ജസുരക്ഷയ്ക്കു തന്നെ; ട്രംപിന്റെ അവകാശവാദത്തിൽ ആദ്യ പ്രതികരണവുമായി വിദേശ കാര്യമന്ത്രാലയം

റഷ്യൻ എണ്ണ: ഇന്ത്യയുടെ മുൻഗണന ഊർജ്ജസുരക്ഷയ്ക്കു തന്നെ; ട്രംപിന്റെ അവകാശവാദത്തിൽ ആദ്യ പ്രതികരണവുമായി വിദേശ കാര്യമന്ത്രാലയം


ന്യൂഡൽഹി: ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണം പുറത്തുവന്നു. 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജസുരക്ഷയാണ് സർക്കാരിന്റെ പരമാവധി മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജ്ജവിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഈ അടിസ്ഥാനത്തിൽ മാത്രമേ എടുക്കുകയുള്ളുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺ ധീർ ജയസ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിപണി സാഹചര്യങ്ങളും മാറുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളും കണക്കിലെടുത്ത് ഊർജ്ജ ഉറവിടങ്ങൾ വൈവിധ്യമാക്കുന്നതാണ് ഇന്ത്യയുടെ തന്ത്രമെന്നും, അതനുസരിച്ചായിരിക്കും തുടർ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യുഎസ് വ്യാപാരകരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തി അമേരിക്കയിലും വെനിസ്വേലയിലും നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാർ സ്ഥിരീകരിച്ചപ്പോൾ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. വെനിസ്വേലയുമായി ഇന്ത്യയ്ക്ക് ദീർഘകാല പങ്കാളിത്തമുണ്ടെന്നും, വാണിജ്യപരമായ സാധ്യതകളുണ്ടെങ്കിൽ അവിടെനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാണെന്നും ജയസ്വാൾ വ്യക്തമാക്കി. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുന്നതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് റഷ്യയും പ്രതികരിച്ചു. ഇന്ത്യ-യുഎസ് വ്യാപാരകരാർ അന്തിമ ഘട്ടത്തിലാണെന്നും, കരാറിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.