വാഷിംഗ്ടൺ: ലോകപ്രശസ്ത പത്രമായ ദി വാഷിങ്ടൺ പോസ്റ്റ് ഏകദേശം 300 ജീവനക്കാരെ പിരിച്ചുവിട്ടു. കോൺഗ്രസ് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂറും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിലാണ് വൻതോതിൽ ജോലികൾ വെട്ടിക്കുറച്ചത്.
ന്യൂസ്‌റൂമിലെ ഏകദേശം 800 മാധ്യമപ്രവർത്തകരിൽ മൂന്നിലൊന്നോളം പേർക്കാണ് ജോലി നഷ്ടമായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം, സ്‌പോർട്‌സ് ഡെസ്‌ക് പൂർണമായി അടച്ചതായും, നിരവധി വിദേശ ബ്യൂറോകൾ പ്രവർത്തനം നിർത്തിയതായും, പുസ്തകവിഭാഗത്തിന്റെ റിപ്പോർട്ടിംഗും അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വാഷിംഗ്ടൺ പോസ്റ്റിലെ സീനിയർ ഇന്റർനാഷണൽ അഫയേഴ്‌സ് കോളമിസ്റ്റായിരുന്നു ഇഷാൻ തരൂർ. ജോലി നഷ്ടപ്പെട്ട വിവരം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. 'ഡെമോക്രസി ഡൈസ് ഇൻ ഡാർക്ക്‌നസ്' എന്ന പോസ്റ്ററോടുകൂടിയ ന്യൂസ്‌റൂമിന്റെ ചിത്രം പങ്കുവെച്ച് 'ഒരു ദുഃഖകരമായ ദിവസം' എന്നാണ് അദ്ദേഹം കുറിച്ചത്. ഈ പോസ്റ്റ് ശശി തരൂർ വീണ്ടും പങ്കുവെച്ചിരുന്നു.
മറ്റൊരു കുറിപ്പിൽ, 12 വർഷത്തോളം താൻ സഹകരിച്ച സഹപ്രവർത്തകരെ ഓർത്ത് ഹൃദയം തകർന്നിരിക്കുകയാണെന്ന് ഇഷാൻ പറഞ്ഞു. 2017ൽ ആരംഭിച്ച 'വേൾഡ്‌വ്യൂ' കോളം ലോകകാര്യങ്ങൾ വായനക്കാർക്ക് വിശദമായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും, അരലക്ഷത്തിലധികം വരുന്ന സ്ഥിരം വായനക്കാരോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഈ തീരുമാനം വേദനാജനകമാണെങ്കിലും, പത്രത്തെ പുതിയ കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കാൻ അത്യാവശ്യമായ നടപടിയാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മറേ വ്യക്തമാക്കി. സാങ്കേതിക മാറ്റങ്ങളും വായനക്കാരുടെ ശീലങ്ങളിലെ വ്യതിയാനങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിശദീകരണം.
അന്താരാഷ്ട്ര, എഡിറ്റിങ്, മെട്രോ, സ്‌പോർട്‌സ് ഡെസ്‌കുകളിലാണ് പ്രധാനമായും പിരിച്ചുവിടൽ നടന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള മുഴുവൻ ലേഖകരെയും എഡിറ്റർമാരെയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
1877ൽ സ്ഥാപിതമായ വാഷിംഗ്ടൺ പോസ്റ്റ്, 2013ലാണ് ഗ്രാഹം കുടുംബത്തിൽ നിന്ന് ജെഫ് ബെസോസ് 250 മില്യൺ ഡോളർക്ക് ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധിയും മാധ്യമ രംഗത്തെ മാറ്റങ്ങളും നേരിടുന്നതിനിടെയാണ് പത്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
വാഷിംഗ്ടൺ പോസ്റ്റിൽ നിന്ന് 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു; ശശി തരൂരിന്റെ മകനും പുറത്തായി
