മണിപ്പൂര്‍ കലാപത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മണിപ്പൂര്‍ കലാപത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി


ന്യുഡല്‍ഹി : മണിപ്പൂര്‍ കലാപത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയെ തല്‍സ്ഥാനത്തുനിന്നു നീക്കി മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയ്ക്കാണ് നിലവില്‍ മണിപ്പൂരിന്റെ ചുമതല കൂടി നല്‍കിയിട്ടുള്ളത്.

2023 മെയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബിരേന്‍ സിങ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്. മണിപ്പൂരിലെ മെയ്തി-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന വംശീയ ഏറ്റുമുട്ടലില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകള്‍ പലായനം ചെയ്തുമെന്നാണ് ഔദോഗീക കണക്ക്. എന്നാല്‍ അനൗദോഗീക കണക്കുകള്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ജൂണില്‍ അമിത്ഷാ  മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല സൂരക്ഷാ അവലോകന യോഗം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി , ഇന്റലിജന്‍സ് ബ്യൂറോ ചീഫ്, കരസേനാ മേധാവി തുടങ്ങി ഉന്നത ഉദ്യോഗസഥര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുത്തിരുന്നില്ല.

പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പോലും പുറത്തുവിടാത്തതില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നേരത്തെ കലാപം നടന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ഥലത്ത് രാഹുല്‍ ഗാന്ധി രണ്ട് തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

അതിനിടെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, മണിപ്പൂര്‍ സംഘട്ടനത്തില്‍ നടത്തിയ പ്രസ്താവനയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സമാധാനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, ഒരു വര്‍ഷത്തിനപ്പുറവും  മണിപ്പൂരില്‍ സമാധാനം പുലരാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.