ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അനുശോചിച്ചു

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അനുശോചിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ തുടങ്ങിയവര്‍ അനുശോചിച്ചു. 

'അക്കാദമിയയുടെയും ഭരണത്തിന്റെയും ലോകങ്ങളില്‍ ഒരേപോലെ അനായാസം കടന്നുവന്ന അപൂര്‍വ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ് ജി'യെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ഏറ്റവും വിശിഷ്ടനായ നേതാവിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചത്. ആദരണീയ സാമ്പത്തിക വിദഗ്ധനായി ഉയര്‍ന്നുവന്ന മന്‍മോഹന്‍ സിംഗ് വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചുവെന്നും ധനമന്ത്രി ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളവയായിരുന്നു. നമ്മുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തിയെന്നും മോഡി കുറിച്ചു. 

ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിച്ച വിശിഷ്ട സാമ്പത്തിക വിദഗ്ധന്റെ മരണത്തില്‍ അനുശോചിക്കുന്നതായി ഉപരാഷ്ട്രപതി ജഗ്ദീന്‍പ് ധന്‍കര്‍ രേഖപ്പെടുത്തി. ഉപരാഷ്ട്രപതി എന്ന നിലയില്‍ ഡോ. സിംഗുമായി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് അര്‍ഥവത്തായതും ഉള്‍ക്കാഴ്ചയുള്ളയുള്ളതുമായ ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് സാധിച്ചതായും സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധമായ ധാരണയും സൗമ്യമായ പെരുമാറ്റവും ഇന്ത്യയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും എന്നെന്നും തന്റെ ഓര്‍മയില്‍ പതിഞ്ഞു കിടക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

നിസംശയമായും ചരിത്രം നിങ്ങളെ ദയയോടെ വിധിക്കും ഡോ. മന്‍മോഹന്‍ സിംഗ് ജീ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സില്‍ കുറിച്ചത്. 

സിങ്ങിന്റെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ദര്‍ശനശേഷിയുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയും സമാനതയില്ലാത്തതും ഔന്നത്യവുമുള്ള സാമ്പത്തിക വിദഗ്ധനെയുമാണെന്നും ഖാര്‍ഗേ കുറിച്ചു. അചഞ്ചലമായ അര്‍പ്പണബോധത്തോടെ റാങ്കുകളിലൂടെ ഉയര്‍ന്നുവന്ന, ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആജീവനാന്ത മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെയും സൗമ്യനായ ഒരു ബുദ്ധിജീവിയുടെയും എളിമയുള്ള ആത്മാവിന്റെയും നഷ്ടത്തില്‍ ഞാന്‍ ദുഃഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യത്തിന്റെ ധനമന്ത്രിയായും പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ ഭരണത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നാണ് ആഭ്യന്തര മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. 

മന്‍മോഹന്‍ സിംഗ് ജി ഇന്ത്യയെ നയിച്ചത് അപാരമായ ജ്ഞാനത്തോടും സമഗ്രതയോടും കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ എഴുതി. അദ്ദേഹത്തിന്റെ എളിമയും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാഷ്ട്രത്തിന് പ്രചോദനമായി എന്നും രാഹുല്‍ ഗാന്ധി കുറിച്ചു. േേഡാ. മന്‍മോഹന്‍ സിംഗിന്റെ ഭാര്യയോടും കുടുംബത്തോടുമുള്ള അനുശോചനവും രാഹുല്‍ ഗാന്ധി രേഖപ്പെടുത്തി. തനിക്ക് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അഭിമാനത്തോടെ ഓര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി എഴുതി.