ബെംഗളുരു രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

ബെംഗളുരു രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍


ബെംഗളുരു:  രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ്. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 18 ഇടത്ത് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കര്‍ണാടകയിലെ 12 ഇടത്തും തമിഴ്‌നാട്ടിലെ അഞ്ചിടത്തും യുപിയിലെ ഒരിടത്തുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

എന്‍ഐഎ നല്‍കുന്ന വിവരം അനുസരിച്ച് മുസമ്മില്‍ ഷെരീഫാണ് മറ്റുള്ള രണ്ട് പ്രതികള്‍ക്ക് സ്‌ഫോടന വസ്തുക്കള്‍ എത്തിച്ചു നല്‍കിയത്.

കഫേയില്‍ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു. മുസ്സവിര്‍ ഷസീബ് ഹുസൈന്‍ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ വ്യക്തമാക്കി. അബ്ദുള്‍ മതീന്‍ താഹ എന്നയാളാണ് സ്‌ഫോടനത്തിന്റെ മറ്റൊരു ആസൂത്രകന്‍. മുസ്സവിറും താഹയും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി അന്വേഷണം സജീവമായി തുടരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.

മാര്‍ച്ച് ഒന്നിനുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദ ബന്ധം സംശയിച്ചതോടെ മാര്‍ച്ച് മൂന്നിന് കേസ് എന്‍ഐഎക്ക് കൈമാറി. മാര്‍ച്ച് 17ന് തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വസതികളും മറ്റ് ബന്ധുക്കളുടെ വീടുകളും കടകളും ലക്ഷ്യമിട്ട് എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

അതിനിടെ, സ്ഫോടനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്