ന്യൂഡല്‍ഹി: കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 7 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1000 കോടിയോളം ശമ്പള പെന്‍ഷന്‍ കുടിശികയുണ്ട് എന്ന് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റില്‍ വി ശിവദാസന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം. നിലവില്‍ 16 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വകുപ്പിന് കീഴിലുള്ളത്. അതില്‍ 7 എണ്ണം കോടിക്കണക്കിന് രൂപ ശമ്പള പെന്‍ഷന്‍ കുടിശികയായി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കമ്പനികളാണ്.
രാജ്യത്തിന്റെ അഭിമാനസ്തംഭമായ, ഐഎസ്ആര്‍ഒ പ്രോജക്റ്റുകളില്‍ സാങ്കേതിക സഹായം നല്‍കിയിരുന്ന ഹെവി എഞ്ചിനീയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 423.04 കോടി രൂപയാണ് തൊഴിലാളികള്‍ക്ക് ശമ്പളകുടിശിക നല്‍കാനുള്ളത്, 104.93 കോടി രൂപ പെന്‍ഷന്‍ കുടിശികയായും ഉണ്ട്. വര്‍ഷങ്ങളായി ഈ തുക ലഭിക്കാന്‍ തൊഴിലാളികള്‍ സമരത്തിലാണ്. ശമ്പളം ലഭിക്കാതെ ഇഡലി വില്‍ക്കാന്‍ തുടങ്ങിയ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ എന്‍ജിനീയറുടെ ദയനീയ അവസ്ഥ മാധ്യമശ്രദ്ധ നേടിയിരുന്നു. പക്ഷേ, എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അലിവ് കാണിച്ചിട്ടില്ല. ശമ്പളകുടിശിക തീര്‍ക്കാന്‍ തയ്യാറായിട്ടില്ല. ശിവദാസന്‍ എംപി പറഞ്ഞു.
എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 10.95 കോടി ശമ്പളകുടിശ്ശികയും 357.68 കോടി പെന്‍ഷന്‍ കുടിശികയുമുണ്ട്. ആന്‍ഡ്രൂ യൂള്‍ & കമ്പനി ലിമിറ്റഡില്‍ 53.33 കോടി ശമ്പളകുടിശ്ശികയും 14.58 കോടി രൂപ പെന്‍ഷന്‍ കുടിശ്ശികയുമുണ്ട്. നെപാ ലിമിറ്റഡില്‍ 6.13 കോടി ശമ്പള കുടിശികയും 0.24 കോടി പെന്‍ഷന്‍ കുടിശികയുമുണ്ട്.
എച്ച്എംടി ലിമിറ്റഡില്‍ 2.03 കോടിയും എഞ്ചിനീയറിംഗ് പ്രോജക്റ്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ 9.52 കോടിയും സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 0.59 കോടിയും പെന്‍ഷന്‍ കുടിശികയുണ്ട്.
കേരളത്തില്‍ വന്നു ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന കേന്ദ്ര മന്ത്രിമാര്‍, കേന്ദ്രസര്‍ക്കാര്‍ പട്ടിണിക്കിടുന്ന ആയിരക്കണക്കിന് കേന്ദ്ര പൊതുമേഖലാ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. വലിയ വായില്‍ ധാര്‍മികത പ്രസംഗിക്കുന്ന കുത്തകമാധ്യമങ്ങള്‍, ഈ ഹൃദയഭേദകമായ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്നുമാണ് വി ശിവദാസന്‍ എംപി പറഞ്ഞത്.
കോണ്‍ഗ്രസ് കൊണ്ട് വരികയും ബിജെപി നടപ്പിലാക്കുകയും ചെയ്യുന്ന ജനവിരുദ്ധ നവലിബറല്‍ നയങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഈ കണക്കുകളിലൂടെ വെളിപ്പെടുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളവും പെന്‍ഷനും കാലതാമസം കൂടാതെ നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി ശിവദാസന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ 7 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1000 കോടിയോളം ശമ്പള പെന്‍ഷന്‍ കുടിശിക
