തിരുനെല്‍വേലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

തിരുനെല്‍വേലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു


തിരുനെല്‍വേലി: നാഞ്ചിനേരിക്ക് സമീപം ദളപതിസമുദ്രത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 മരണം. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. നാലുവരി പാതയില്‍ സെന്‍ട്രല്‍ മീഡിയന്‍ കടന്ന് കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. 

2 കുട്ടികള്‍ ഉള്‍പ്പടെ 7 പേരാണ് മരിച്ചത്. മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നാഗര്‍കോവില്‍ ഭാഗത്തുനിന്നു വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശികളാണ് മരിച്ചത്.

അപകടത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

പരുക്കേറ്റ 7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ തിരുനെല്‍വേലി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ 2 വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിന് കാരണക്കാരനായ കാര്‍ ഡ്രൈവര്‍ മാരിയപ്പനെതിരെ 3 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.