കൊളംബോ: ഇന്ധന വിതരണ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ അടിയന്തരമായി ഇന്ധനം അയച്ചതില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ഡിസ്സനായക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ചു.
20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും ഉള്‍പ്പെടുന്ന 38,000 മെട്രിക് ടണ്‍ ഇന്ധനം ശനിയാഴ്ചയാണ് കൊളംബോയില്‍ എത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലങ്ക ഐ ഒ സി വഴി പ്രാദേശിക പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമായ അടിയന്തര സഹായത്തിന്റെ ഭാഗമായാണ് ഈ ചരക്ക് എത്തിയത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസ്സങ്ങളെ കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോ[ിയുമായി സംസാരിച്ചതായും ഇന്ത്യയുടെ വേഗത്തിലുള്ള സഹായത്തിന് നന്ദിയെന്നും 38,000 മെട്രിക് ടണ്‍ ഇന്ധനം ഇന്നലെ കൊളംബോയില്‍ എത്തിയതായും ഡിസ്സനായക്കേ എക്സില്‍ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അദ്ദേഹം നന്ദി അറിയിച്ചു.
ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗമായ നമല്‍ രാജപക്സ ഇന്ത്യയുടെ 'നെയ്ബര്‍ഹുഡ് ഫസ്റ്റ്' നയം പ്രശംസിക്കുകയും ഇന്ത്യ അടുത്തിടെ നടപ്പാക്കിയ ഇന്ധന നികുതി ക്രമീകരണത്തിന് സമാനമായ മാതൃക പരിഗണിക്കണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി മോഡിയും ഇന്ത്യയിലെ ജനങ്ങളും സമയോചിതമായി 38,000 ടണ്‍ പെട്രോളിയം ശ്രീലങ്കയിലേക്ക് അയച്ച് വീണ്ടും 'നെയ്ബര്‍ഹുഡ് ഫസ്റ്റ്' നയം ഉയര്‍ത്തിപ്പിടിച്ചുവെന്ന് രാജപക്സ എക്സില്‍ കുറിച്ചു. പ്രതിസന്ധിക്കാലങ്ങളില്‍ നിര്‍ണായക വിതരണങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം വരെ ശ്രീലങ്കയ്ക്ക് ആദ്യ പ്രതികരണക്കാരനായി ഇന്ത്യ തുടര്‍ച്ചയായി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അടുത്തകാലത്തെ ഇന്ധന എക്സൈസ് നയത്തിലെ മാറ്റം ചൂണ്ടിക്കാട്ടി അതിനോട് സാമ്യമുള്ള ഒരു മാതൃക ശ്രീലങ്കയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള എണ്ണവില വര്‍ധനവിന്റെ ആഘാതം കുറയ്ക്കാനും വിപണിയെ സ്ഥിരതയിലാക്കാനും ഇന്ത്യ എക്സൈസ് തീരുവ കുറച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷം ആഗോള ഇന്ധന വിതരണത്തെ ബാധിച്ചതോടെ ശ്രീലങ്ക ഗുരുതരമായ ഊര്‍ജ പ്രതിസന്ധി തുടരുകയാണ്. ഇന്ധന സംരക്ഷണത്തിന് സര്‍ക്കാര്‍ റേഷനിംഗ് നടപ്പിലാക്കുകയും സര്‍ക്കാര്‍ മേഖലയില്‍ നാല് ദിവസത്തെ ജോലി ആഴ്ച ആരംഭിക്കുകയും ചെയ്തു.
പല സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും സര്‍വകലാശാലകളും ചുരുക്കിയ സമയക്രമത്തിലേക്ക് മാറിയിരിക്കുകയാണ്.
