ലഖ്‌നൗ: വിവാഹ സത്ക്കാരം നടക്കവെ വധൂവരന്മാരെ ആശീര്‍വദിക്കാനും കൂടെ നിന്ന്് ഫോട്ടോ എടുക്കാനും ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ കയറിയപ്പോള്‍ വേദി തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്റ്റേജ് തകര്‍ന്ന് വധുവരന്മാരും ബി ജെ പി നേതാക്കളും താഴേ വീണെങ്കിലും ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഗതി കല്ല്യാണ സത്ക്കാര വീഡിയോയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ വേദി തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വൈറലായി. ബി ജെ പി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ സത്കാരത്തിനിടെയായിരുന്നു അപകടം.
ബല്ലിയയിലെ രാംലീല മൈതാനത്താണ് സത്കാരം സംഘടിപ്പിച്ചിരുന്നത്. വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ വേദിയിലേക്ക് കയറുകയായിരുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുന്‍ എം പി ഭരത് സിങ്, ബി ജെ പി മുന്‍ ജില്ലാ സെക്രട്ടറി സുര്‍ജിത് സിങ് എന്നിവര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് വേദിയിലെത്തിയത്. വധൂ വരന്മാരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവെ് സ്റ്റേജ് തകരുകയായിരുന്നു. പ്ലൈവുഡ് ഉപയോഗിച്ചാണ് സ്റ്റേജ് നിര്‍മ്മിച്ചിരുന്നത്. അമിത ഭാരം മൂലമാണ് സ്റ്റേജ് തകര്‍ന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
