മൂന്നാം ലോകത്തെ രക്ഷാകര്‍തൃം; വിവേക് രാമസ്വാമിയെ വിമര്‍ശിച്ച് നിക്കിഹേലിയുടെ മകന്‍

മൂന്നാം ലോകത്തെ രക്ഷാകര്‍തൃം; വിവേക് രാമസ്വാമിയെ വിമര്‍ശിച്ച് നിക്കിഹേലിയുടെ മകന്‍


വാഷിങ്ടണ്‍: യു എന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ നിക്കി ഹേലിയുടെ 24കാരന്‍ മകന്‍ നളിന്‍ ഹേലി ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മൂന്നാം ലോക രാജ്യങ്ങളുടെ രക്ഷാകര്‍തൃ രീതി എന്നായിരുന്നു നളിന്‍ ഹേലിയുടെ വിമര്‍ശനം. 

വര്‍ഷം മുഴുവന്‍ സ്‌കൂള്‍ പഠനം ഉണ്ടാകണമെന്നും അതിലൂടെ മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയര്‍ ചെലവ് കുറക്കാമെന്ന ആശയത്തില്‍ വിവേക് രാമസ്വാമിയുടെ ഒരു വീഡിയോ ക്ലിപ്പിനെതിരെയായിരുന്നു നളിന്‍ ഹേലിയുടെ വിമര്‍ശം. 

ഇത്തരം ഭീതി ഒരു കുട്ടിക്കും ഉണ്ടാകാന്‍ പാടില്ലെന്നും മൂന്നാം ലോക രാജ്യങ്ങളിലെ രക്ഷാകര്‍തൃ രീതിയാണ് അദ്ദേഹം പറയുന്നതെന്നും അമേരിക്കന്‍ കുട്ടികളില്‍ ഇത് നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

താഴ്ത്തിക്കെട്ടാനാണ് സാധാരണയായി മൂന്നാം ലോകം എ്ന്ന വാക്ക് ഉപയോഗിക്കാറുള്ളത്. ശീതയുദ്ധ കാലഘട്ടത്തില്‍ അമേരിക്കയുമായോ സോവിയറ്റ് യൂണിയനുമായോ കൂട്ടുകെട്ടിലില്ലാത്ത രാജ്യങ്ങളെ സൂചിപ്പിക്കാനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യ, ആഫ്രിക്കയിലെ രാജ്യങ്ങളെ പരിഹസിക്കാനായി പലരും ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

നളിന്‍ ഹെയ്‌ലി തന്റെ എക്‌സ് പോസ്റ്റില്‍ 2022-ല്‍ വിവേക് രാമസ്വാമി പങ്കുവച്ചിരുന്ന ഒരു പോസ്റ്റിന്റെയും സ്‌ക്രീന്‍ഷോട്ട് ചേര്‍ത്തിരുന്നു. മൂന്നാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നിരോധിച്ച നിയമത്തെപ്പറ്റിയായിരുന്നു അത്. 

അന്നത്തെ പോസ്റ്റില്‍ രാമസ്വാമി എഴുതിയld എട്ടുവരെ കാത്തിരിക്കണമെന്നാണ്. കുട്ടികള്‍ക്ക് എട്ട് വയസ്സാകുന്നതുവരെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കരുതെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അനാവശ്യമായ ദേശീയതലത്തിലുള്ള വിവാദങ്ങള്‍ ഒഴിവായാക്കാമെന്നുമായിരുന്നു. 

എന്നാല്‍ രാമസ്വാമി ഉദ്ദേശിച്ച രീതിയിലല്ല നളിന്‍ ആ പോസ്റ്റിനെ വിശദീകരിച്ചിരിക്കുന്നത്. ഡോണ്ട് സേ ഗേ ബില്‍ എന്നറിയപ്പെട്ടിരുന്ന പേരന്റല്‍ റൈറ്റ്‌സ് ലെജിസ്ലേഷന്റെ പേരിടലിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദമാണ് രാമസ്വാമി പരാമര്‍ശിച്ചിരുന്നത്. ബില്‍ 2022-ല്‍ ഫ്‌ളോറിഡയിലായിരുന്നു പാസായത്. പിന്നീട് എല്ലാ ക്ലാസുകളിലും ഇത് വ്യാപിപ്പിക്കപ്പെട്ടു.

തുടര്‍ന്ന്, ഔദ്യോഗിക അധ്യാപനമല്ലാതെ ജെന്‍ഡര്‍ ഐഡന്റിറ്റി, സെക്ഷ്വല്‍ ഓറിയന്റേഷന്‍ തുടങ്ങിയ വിഷയങ്ങളെ 'സംഭാഷണങ്ങളില്‍' പരാമര്‍ശിക്കുന്നത് ഈ നിയമം നിരോധിക്കുന്നില്ലെന്ന് അധികാരികള്‍ വ്യക്തമാക്കിയിരുന്നു.

പ്രവാസം, കുടിയേറ്റം, അമേരിക്കന്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നളിന്‍ ഹേലി ഇതിനു മുമ്പും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

ഈ മാസം ആദ്യം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം എച്ച് 1 ബി വിസകള്‍ പൂര്‍ണമായും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. ഇന്ത്യക്കാരാണ് ഈ വിസ ലഭിക്കുന്നവരില്‍ ഭൂരിപക്ഷം.

ഇന്ത്യന്‍ വംശവുമായുള്ള സ്വന്തം കുടിയേറ്റ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ചോദിച്ചപ്പോള്‍ നളിന്‍ ഹേ്‌ലിയുടെ മറുപടി തന്റെ വിശ്വസ്തത അമേരിക്കയോടാണെന്നായിരുന്നു. വിദേശ തൊഴിലാളി വിസകള്‍ അമേരിക്കന്‍ തൊഴിലവസരങ്ങളെ ബാധിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പിന്നീട് ടക്കര്‍ കാര്‍ല്‍സണുമായി നടത്തിയ പോഡ്കാസ്റ്റില്‍ സ്വാഭാവികമായി പൗരത്വം നേടിയ അമേരിക്കന്‍ പൗരന്മാര്‍ക്ക് പൊതുപദവി കൈകാര്യം ചെയ്യാന്‍ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ മനസ്സിലാക്കുന്നതില്‍ ഇവിടെ വളരുക എന്നത് വലിയ പങ്ക് വഹിക്കുന്നു എന്നായിരുന്നു വാദം.

അമേരിക്കന്‍ സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ഥികളെ കര്‍ശനമായി നിയന്ത്രിക്കണമെന്നും ചില അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ വിദേശ ഗവണ്‍മെന്റുകളുടെ ചാരന്മാരണെന്നും നളിന്‍ ഹേലി ആരോപിച്ചിരുന്നു.

നളിന്‍ ഹേലിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ചിലര്‍ 'ദേശീയ സുരക്ഷ' എന്ന പേരില്‍ പൗരത്വം നേടിയവര്‍ക്കെതിരെയുള്ള നിയമനിര്‍ദ്ദേശങ്ങളെ പിന്തുണച്ചപ്പോള്‍ പലരും അദ്ദേഹത്തിന്റെ വാദത്തിലെ പരിഹാസ്യമായ വിരോധാഭാസം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ അമ്മയായ നിക്കി ഹേലി ഒരു കുടിയേറ്റ കുടുംബത്തില്‍ നിന്നാണെന്നും അവരുടെ രാഷ്ട്രീയ ഉയര്‍ച്ചക്കും അതേ പാരമ്പര്യമാണ് പിന്നിലെന്നും ഇപ്പോള്‍ അവരുടെ മകന്‍ അതേ പാരമ്പര്യത്തെതിരെ മുന്നറിയിപ്പ് നല്‍കുന്നുവെന്നാണ് ഒരു എക്‌സ് ഉപയോക്താവ് എഴുതിയത്.