തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
തനിക്കെതിരെ യുവതി നല്‍കിയത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും പരാതി നല്‍കിയ യുവതിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നുമാണ് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് രാഹുലിനെതിരേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തി, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ച് കടക്കല്‍, ഐ ടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നും നഗ്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും തുടര്‍ന്ന് അതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ ഫ്‌ളാറ്റില്‍ വച്ച് ദേഹോപദ്രവമേല്‍പിച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
കേസില്‍ രണ്ട് പ്രതികള്‍ ഉള്ളതിനാല്‍ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയെന്നും കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
