കണക്കില്‍പെടാത്ത പണം കണ്ടെത്തിയ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

കണക്കില്‍പെടാത്ത പണം കണ്ടെത്തിയ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി


ന്യൂഡല്‍ഹി: വീട്ടില്‍ നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരേ ഉടനെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. യശ്വന്ത് വര്‍മക്കെതിരേ ഉടനെ കേസെടുക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രൂപീകരിച്ച ജഡ്ജിമാരുടെ അന്വേഷണ സമിതി വിഷയം അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ജസ്റ്റിസിനെതിരായ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് സുപ്രിം കോടതി നിയോഗിച്ചിരിക്കുന്നത്. അന്വേഷണം നേരിടുന്നതിനാല്‍ ജുഡീഷ്യല്‍ ജോലിയില്‍ നിന്നും യശ്വന്ത് വര്‍മയെ മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യം ഉന്നയിച്ചിരുന്നു.

മാര്‍ച്ച് 14ന് രാത്രിയായിരുന്നു സംഭവം. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ തീപിടിത്തമുണ്ടാവുകയും തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കണക്കില്‍പ്പെടാത്ത 15 കോടി രൂപ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജസ്റ്റിസിന്റെ വസതിയില്‍ നിന്നും പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗര്‍ഗ് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.