മഥുര ഈദ്ഗാഹ്- കൃഷ്ണ ജന്മഭൂമി കേസില്‍ ഹൈക്കോടതി വിധിയില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി

മഥുര ഈദ്ഗാഹ്- കൃഷ്ണ ജന്മഭൂമി കേസില്‍ ഹൈക്കോടതി വിധിയില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് ജുമാ മസ്ജിദ്- കൃഷ്ണ ജന്മഭൂമി കേസുകളില്‍ കേന്ദ്രത്തേയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയേയും കക്ഷി ചേര്‍ക്കാനുള്ള അലഹബാദ് ഹൈക്കോടതി തീരുമാനത്തില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി. 

2025 മാര്‍ച്ച് 5ന് ഹിന്ദു പക്ഷത്തിന് ഹര്‍ജിയില്‍ ഭേദഗതി വരുത്താനും കേന്ദ്ര സര്‍ക്കാറിനേയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയേയും കേസില്‍ കക്ഷി ചേര്‍ക്കാനും അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹിന്ദു വാദികളുടെ ആദ്യ ഹര്‍ജിയിലെ ഭേദഗതി അനുവദിക്കേണ്ടതുണ്ടെന്ന് വ്യക്തമാണെന്നും ഉത്തരത്തില്‍ തെറ്റ് കണ്ടെത്താനായില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 

മുസ്ലിം പക്ഷത്തിന് രേഖാമൂലമുള്ള പ്രസ്താവന സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിക്കുകയും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയും ചെയ്തു. ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ഹിന്ദു പക്ഷത്തിന്റെ എല്ലാ കേസുകളും ഏകീകരിച്ച ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മിറ്റിയുടെ പ്രത്യേക ഹര്‍ജിയില്‍ 2025 ഏപ്രില്‍ നാലിന് കോടതി നോട്ടീസ് അയച്ചിരുന്നു.