ന്യൂഡല്‍ഹി: ആരാധനാലയങ്ങളെ സംബന്ധിക്കുന്ന 1991ലെ നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും. രാമജന്മഭൂമി- ബാബറി മസ്ജിദ് ഒഴികെ മുഴുവന്‍ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15ലെ മതപരമായ സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്നു നിര്‍ദേശിക്കുന്ന ആരാധനാലയ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിന് അനുകൂലവും പ്രതികൂലവുമായ ഒരുകൂട്ടം ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്.
1991ലെ നിയമത്തിന്റെ ചില വ്യവസ്ഥകള്‍ക്കെതിരേ അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ചതാണു പ്രധാന ഹര്‍ജി. ഈ നിയമം ശക്തമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കാന്‍ കഴിഞ്ഞ ജനുവരി രണ്ടിന് പരമോന്നത കോടതി സമ്മതിച്ചിരുന്നു.
ഈ നിയമവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ഇടപെട്ട ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഡിസംബര്‍ 12ന് മുസ്ലിം പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ അവകാശമുന്നയിച്ചുള്ള ഹര്‍ജികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെ എല്ലാ നടപടികളും തടഞ്ഞിരുന്നു. നിയമത്തെച്ചൊല്ലിയുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ വിധിയോ പ്രഖ്യാപിക്കുന്നതു വരെയാണ് സ്റ്റേ.
വാരാണസിയിലെ ഗ്യാന്‍വാപി, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, സംഭലിലെ ഷാഹി ജുമാ മസ്ജിദ് തുടങ്ങി 10 പള്ളികളുടെ മതപരമായ സ്വഭാവം കണ്ടെത്താന്‍ സര്‍വെ ആവശ്യപ്പെടുന്ന 18 കേസുകള്‍ വിവിധ ഹിന്ദു സംഘടനകളുടേതായി കോടതികളിലുണ്ട്. ഇവയിലെല്ലാം തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
1991ലെ നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളെ സംബന്ധിച്ചാണു പ്രധാന തര്‍ക്കമെന്നു കോടതി. ആരാധനാലയത്തിന്റെ പരിവര്‍ത്തനമാണ് മൂന്നാം വകുപ്പില്‍ പറയുന്നത്. നാലാം വകുപ്പില്‍ മതപരമായ സ്വഭാവം പ്രഖ്യാപിക്കുന്നതും കോടതികളുടെ നിയമാധികാരവും ഉള്‍പ്പെടുന്നു.