ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ സുപ്രീംകോടതി കേസെടുത്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വര്‍ഷം, കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഏകദേശം 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന് 2020 ഡിസംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പലയിടത്തും അത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും, സ്ഥാപിച്ച പലയിടത്തും കാമറകള്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
എട്ട് മാസത്തിനുള്ളില്‍ 11 കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനുകള്‍ സിസി ടിവി പ്രവര്‍ത്തിക്കാത്തതിന് കേസെടുത്ത് സുപ്രീംകോടതി
