​ഇന്ത്യൻ വ്യവസായ രംഗത്തെ ശുക്രനക്ഷത്രം പൊലിഞ്ഞു

​ഇന്ത്യൻ വ്യവസായ രംഗത്തെ ശുക്രനക്ഷത്രം പൊലിഞ്ഞു


ഇന്ത്യൻ വ്യവസായരംഗത്തെ ദീപ്തസാന്നിധ്യമായിരുന്ന ടാറ്റ സൺസ് ചെയർമാൻ രത്തൻ നവൽ ടാറ്റ (86) അന്തരിച്ചു.

തൻ്റെ പതിവ് നർമ്മബോധത്തോടെ ആശുപത്രിപ്രവേശനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തിങ്കളാഴ്ച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിച്ച ടാറ്റ ഒരു കാലഘട്ടത്തിൻറെ സ്മരണകൾ അവശേഷിപ്പിച്ച് കാലയവനികക്കുള്ളിലേക്ക് മറഞ്ഞത് ബുധനാഴ്ച്ച രാത്രി ഏറെ വൈകിയാണ്.

"ടാറ്റ ഗ്രൂപ്പിനെയും, നമ്മുടെ രാജ്യത്തിൻ്റെ ഘടനയെയും, പുതുക്കിപ്പണിഞ്ഞ അസാധാരണനായ നേതാവ് ശ്രീ. രത്തൻ നേവൽ ടാറ്റയോട് ഞങ്ങൾ അഗാധമായ നഷ്ടബോധത്തോടെ വിടപറയുന്നു," ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ രാത്രി വൈകി ഒരു പ്രസ്താവനയിൽ അറിയിച്ചു.

"ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ശ്രീ. ടാറ്റ ഒരു ചെയർപേഴ്‌സൺ മാത്രമായിരുന്നില്ല.  എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഉപദേഷ്ടാവും വഴികാട്ടിയും സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റേത് ഒരു മാതൃകാജീവിതമായിരുന്നു. മികവ്, സമഗ്രത, നൂതനത്വം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെയും അതേസമയം, തന്നെ എല്ലായ്‌പ്പോഴും അതിൻ്റെ ധർമ്മനിഷ്ഠയിൽ ഉറച്ചുനിന്ന്, അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ടാറ്റ ഗ്രൂപ്പ് ലോകമെമ്പാടും വളർന്ന് വികസിച്ചു.

"വിദ്യാഭ്യാസം മുതൽ ആരോഗ്യ സംരക്ഷണം വരെ അദ്ദേഹത്തിൻ്റെ സംരംഭങ്ങളുടെ അടയാളങ്ങൾ ഇന്ത്യൻ സമൂഹത്തിൽ പതിഞ്ഞുകിടപ്പുണ്ട്. അത് വരും തലമുറകൾക്ക്  പ്രയോജനപ്പെടും," ടാറ്റയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു.


​ഇന്ത്യൻ വ്യവസായ രംഗത്തെ ശുക്രനക്ഷത്രം പൊലിഞ്ഞു

ടാറ്റയുടെ വിയോഗവാർത്ത പുറത്തുവന്നതോടെ വ്യവസായ രംഗത്തും പുറത്തും നിന്ന് ആദരാഞ്ജലികൾ പ്രവഹിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രത്തൻ ടാറ്റ "കരുണയുള്ള ആത്മാവും അസാധാരണ മനുഷ്യനും" ആയിരുന്നുവെന്ന് ഓർമ്മിച്ചു.  

"ശ്രീ രത്തൻ ടാറ്റ ജി ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ഒരു ബിസിനസ്സ് സ്ഥാപനത്തിന് അദ്ദേഹം സുസ്ഥിരമായ നേതൃത്വം നൽകി. അതേസമയം, അദ്ദേഹത്തിൻ്റെ സംഭാവനകൾ ബോർഡ് റൂമിനുള്ളിൽ ഒതുങ്ങിനിന്നുമില്ല. വിനയവും ദയയും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രദർശിപ്പിച്ച് അദ്ദേഹം അനേകം പേരുടെ മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നു," പ്രധാനമന്ത്രി ചിത്രങ്ങൾ സഹിതം ട്വീറ്റുകളുടെ ഒരു പരമ്പരയിൽ 'എക്‌സി'ൽ കുറിച്ചു.

ദീർഘദർശിത്വമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ബിസിനസ്സിലും ജീവകാരുണ്യ രംഗത്തും അദ്ദേഹം ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ടാറ്റ കൂട്ടായ്‌മക്കും എൻ്റെ അനുശോചനം," രാഹുൽ ഗാന്ധി പറഞ്ഞു.

1991ലാണ് രത്തൻ ടാറ്റ ടാറ്റ സൺസ് ചെയർമാനായി ചുമതലയേൽക്കുന്നത്. വെറും 10,000  കോടി മാത്രം വിറ്റുവരവുണ്ടായിരുന്ന കമ്പനിയെ 100 ബില്യൺ ഡോളറിൻ്റെ സ്റ്റീൽ-ടു-സോഫ്റ്റ്‌വെയർ വ്യവസായ പ്രതിഭാസമാക്കുന്നതിൽ വിജയിച്ച അദ്ദേഹം 1996-ൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടാറ്റ ടെലിസർവീസസ് സ്ഥാപിച്ചു, 2004-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് എന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഐടി സംരംഭത്തെ വളർച്ചയുടെ പുതിയ തലത്തിലേക്ക് ഉയർത്തി.  

2004ൽ ടാറ്റ ഗ്രൂപ്പ് ബ്രിട്ടീഷ് കാർ ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ സ്വന്തമാക്കി. 2009ൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ ഇടത്തരക്കാർക്ക് പ്രാപ്യമാക്കുമെന്ന തൻ്റെ വാഗ്ദാനം രത്തൻ ടാറ്റ നിറവേറ്റി. ഒരു ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോ പുതുമയുടെയും താങ്ങാനാവുന്ന വിലയുടെയും പ്രതീകമായി മാറി.

1991 മുതൽ 2012 വരെയും 2016 മുതൽ 2017 വരെയും ടാറ്റ ഗ്രൂപ്പിൻ്റെ രണ്ട് തവണ ചെയർപേഴ്‌സണായിരുന്നു രത്തൻ ടാറ്റ. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും, അദ്ദേഹം അതിൻ്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി മരണം വരെയും തുടർന്നു.