ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ജഡ്ജിമാരുടെ സംഘം ശനിയാഴ്ച സന്ദര്‍ശനം നടത്തി.
ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെ ജഡ്ജിമാരുടെ സംഘം കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലയിലെ ലംകയിലെ മിനി സെക്രട്ടേറിയറ്റില്‍ ഒരു നിയമ സേവന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, നിയമ സഹായ ക്ലിനിക് എന്നിവയും അവര്‍ ഉദ്ഘാടനം ചെയ്തു.
സദ്ഭാവന മണ്ഡപം ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിച്ച സംഘം ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുമായി സംവദിച്ചു.
ജസ്റ്റിസ് ഗവായിയെ കൂടാതെ സുപ്രിം കോടതി ജഡ്ജിമാരായ വിക്രം നാഥ്, എം എം സുന്ദരേഷ്, കെ വി വിശ്വനാഥന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കൃഷ്ണകുമാര്‍, ജസ്റ്റിസ് ഗോള്‍മെയ് ഗൈഫുല്‍ഷിലു എന്നിവരും സന്നിഹിതരായിരുന്നു.
രാവിലെ, ഇംഫാല്‍ വിമാനത്താവളത്തില്‍ സുപ്രിം കോടതി പ്രതിനിധി സംഘത്തിന് സംസ്ഥാനത്തെ അഭിഭാഷക സമൂഹം ഊഷ്മളമായ സ്വീകരണം നല്‍കി.
2023 മെയ് മുതല്‍ ഇംഫാല്‍ താഴ്വരയിലെ മെയ്തീസും തൊട്ടടുത്തുള്ള കുന്നുകളിലെ കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ അക്രമത്തില്‍ 250-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.