ദലിത് നേതാവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം 'ശുദ്ധീകരിച്ചു'; മുന്‍ എം എല്‍ എയെ ബി ജെ പി പുറത്താക്കി

ദലിത് നേതാവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം 'ശുദ്ധീകരിച്ചു'; മുന്‍ എം എല്‍ എയെ ബി ജെ പി പുറത്താക്കി


ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ദലിത് നേതാവുമായ ടികാ റാം ജുല്ലിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ആല്‍വാര്‍ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ''ശുദ്ധീകരിച്ച''തിന് മുന്‍ എം എല്‍ എ ഗ്യാന്‍ദേവ് അഹൂജയെ ബി ജെ പി പുറത്താക്കി.

'മുന്‍ എം എല്‍ എ ഗ്യാന്‍ദേവ് അഹൂജയ്ക്കെതിരെ അച്ചടക്കലംഘനം തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കാന്‍  ബി ജെ പി സംസ്ഥാന പ്രസിഡന്റ് മദന്‍ റാത്തോഡ് ഉത്തരവിട്ടു' എന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

ബി ജെ പിയുടെ സംസ്ഥാന അച്ചടക്ക സമിതി അഹൂജയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് റാത്തോഡിന് സമര്‍പ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഏപ്രില്‍ ഏഴിനാണ് റാംഗഡില്‍ നിന്നുള്ള മുന്‍ എം എല്‍ എയായ അഹൂജ ജുല്ലിയുടെ സന്ദര്‍ശനത്തിന് ശേഷം ആല്‍വാറിലെ ഒരു രാമക്ഷേത്രം 'ശുദ്ധീകരിച്ചത്.' ജൂല്ലി 'ഹിന്ദുത്വ വിരുദ്ധനും' 'സനാതന വിരുദ്ധനു'മാണെന്ന് അഹൂജ പറഞ്ഞു. ''ജയ് സിയ റാം'' ചൊല്ലിക്കൊണ്ട് മുന്‍ എം എല്‍ എ ക്ഷേത്രത്തിനുള്ളില്‍ ഗംഗാജലം തളിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു, 'ഇത് ശ്രീരാമ ക്ഷേത്രമാണ്, അദ്ദേഹത്തിന്റെ കാല്‍ക്കല്‍ ഞാന്‍ ഗംഗാജലം തളിച്ചു. എന്തിനാണ് ഗംഗാജലം? കാരണം ചില അശുദ്ധരായ ആളുകള്‍ വന്നു.'

അഹൂജയുടെ പ്രവൃത്തികള്‍ പ്രതിഷേധത്തിന് കാരണമായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും ഇതിനെ നിശിതമായി വിമര്‍ശിച്ചു.

എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്റെ പ്രവൃത്തികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയാണെന്നും പറഞ്ഞ് അഹൂജ സ്വയം ന്യായീകരിച്ചു. 'താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്നതിന് ഒരു കണികയെങ്കിലും തെളിവുണ്ടെങ്കില്‍ മീശ ക്ഷൗരം ചെയ്യാന്‍ തയ്യാറാണെന്നും അഹൂജ പറഞ്ഞിരുന്നു.