താരിഫുകള്‍ വരുമ്പോള്‍ അമേരിക്കക്കാര്‍ക്ക് 'ആദായനികുതി കുറയും, ചിലപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കാം'-ട്രംപ്

താരിഫുകള്‍ വരുമ്പോള്‍ അമേരിക്കക്കാര്‍ക്ക് 'ആദായനികുതി കുറയും, ചിലപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കാം'-ട്രംപ്


വാഷിംഗ്ടണ്‍: താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയില്‍ കുറവുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ശനിയാഴ്ച ഒരു പോസ്റ്റിലാണ് ട്രംപിന്റെ വാഗ്ദാനം. താരിഫുകള്‍ ആളുകളുടെ ആദായനികുതി കുറയ്ക്കാന്‍ സഹായിക്കുമെന്നും ചിലര്‍ക്ക് 'പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള' സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രതിവര്‍ഷം 200,000 ഡോളറില്‍ താഴെ വരുമാനമുള്ളവരിലായിരിക്കും നികുതി കുറവുവരുത്തുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'താരിഫുകള്‍ കുറയ്ക്കുമ്പോള്‍, പലരുടെയും ആദായനികുതി ഗണ്യമായി കുറയും, ഒരുപക്ഷേ പൂര്‍ണ്ണമായും ഇല്ലാതാക്കും. പ്രതിവര്‍ഷം 200,000 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക,' ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

കമ്പനികള്‍ കൂടുതല്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇതിനകം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

ഏപ്രില്‍ 2 ന് താനും തന്റെ ഭരണകൂടവും പ്രഖ്യാപിച്ച പരസ്പര താരിഫുകളുടെ നേട്ടങ്ങളില്‍ ട്രംപ് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന താരിഫുകള്‍ ഇറക്കുമതി നിയന്ത്രിക്കുകയും കമ്പനികള്‍ യുഎസിനുള്ളില്‍ അവരുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും അതുവഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഏപ്രില്‍ 2 നാണ് അമേരിക്കയിലേക്ക് വരുന്ന എല്ലാത്തിനും 10 ശതമാനം താരിഫ് ഉള്‍പ്പെടുത്തിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ നിരവധി താരിഫുകള്‍ ചുമത്തിയത്. ഇന്ത്യയ്ക്ക് 26 ശതമാനമായി താരിഫ് നിശ്ചയിച്ചിട്ടുണ്ട്, അതേസമയം ചൈനയ്ക്ക് 145 ശതമാനം ലെവികള്‍ ചുമത്തിയതിനെതുടര്‍ന്ന് ഏറ്റവും വലിയ തിരിച്ചടിയും നേരിട്ടു.

ടൈം മാഗസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, ഒരു വര്‍ഷം മുഴുവന്‍ വിദേശ ഇറക്കുമതികള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് അമേരിക്കയ്ക്ക് 'പൂര്‍ണ്ണ വിജയം' ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത് ഒരു വിജയമാകുമെന്ന് കരുതുന്നതെന്ന് ചോദിച്ചപ്പോള്‍, ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ സമ്പന്നരാകാന്‍ യുഎസിനുമേല്‍ തീരുവ ചുമത്തിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. 'കാരണം അത്രയധികം നികുതിയിലൂടെ രാജ്യത്ത് സമ്പത്ത് വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ധിച്ച നികുതികള്‍ നടപ്പാക്കുന്നതിന് രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ട്. ഇതിനകം
വാഷിംഗ്ടണുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനും ഉയര്‍ന്ന, നിരക്കുകള്‍ ഒഴിവാക്കുന്നതിനും 90 ദിന ഇടവേള അവസാനിക്കുന്ന ജൂലൈയ്ക്ക് മുമ്പ്  ഡസന്‍ കണക്കിന് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.