അമേരിക്കയുടെ വിദേശനയത്തിൽ വലിയ വഴിത്തിരിവുണ്ടായതായി ആരോപിച്ച് മുൻ യുഎസ് നയതന്ത്രപ്രതിനിധി രഹിം ഇമ്മാനുവൽ രംഗത്ത്. ദക്ഷിണേഷ്യയിൽ ഇന്ത്യയെ പൂർണമായി ഉപേക്ഷിച്ച് പാകിസ്താന് മുൻഗണന നൽകുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
ദ വോൾ സ്ട്രീറ്റ് ജേണൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ, കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കൻ ഭരണകൂടങ്ങൾ ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ട്രംപ് പാഴാക്കിയെന്നാണ് ഇമ്മാനുവലിന്റെ ആരോപണം. ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കുന്ന പ്രധാന ശക്തിയായി ഇന്ത്യയെ കണക്കാക്കേണ്ടതുണ്ടായിരുന്നുവെന്നും, പാകിസ്താനെ തിരഞ്ഞെടുത്തത് വലിയ തന്ത്രപരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ നയമാറ്റത്തിന് പിന്നിലെന്നും ഇമ്മാനുവൽ ആരോപിച്ചു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിപ്പിച്ച വെടിനിർത്തലിന് ക്രെഡിറ്റ് നൽകാൻ മോഡി തയ്യാറായില്ലെന്നതാണ് ട്രംപിന്റെ അസംതൃപ്തിക്ക് കാരണം. ഇന്ത്യ-പാക് സംഘർഷം അവസസാനിപ്പിച്ചതിനു പിന്നിൽ താനാണ് പ്രവർത്തിച്ചത് എന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു.
സമാധാനത്തിന് നൽകിയ സംഭാവനയ്ക്ക് നോബൽ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയും ട്രംപിനുണ്ടായിരുന്നുവെന്നും ഇമ്മാനുവൽ പറഞ്ഞു.
ഇതോടൊപ്പം, പാകിസ്താനുമായുള്ള ട്രംപ് കുടുംബത്തിന്റെ സാമ്പത്തിക ബന്ധങ്ങളും സംശയത്തിന് ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ മക്കളും മരുമകനായ ജാരെഡ് കുഷ്‌നറും പങ്കാളികളായിരിക്കുന്ന ഒരു കമ്പനിയും പാകിസ്താനുമായി ബന്ധപ്പെട്ട ഇടപാടുകളുമാണ് വിമർശനത്തിന് കാരണമായത്.
ഇന്ത്യയിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന്, അമേരിക്ക ഉയർന്ന കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയതും ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ സമ്മർദ്ദം വർധിപ്പിച്ചു. ഇതോടെ ഇന്ത്യ-അമേരിക്ക ബന്ധം തളർന്നുവെന്ന വിലയിരുത്തലും ശക്തമാണ്.
അതേസമയം, മധ്യപൂർവദേശ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചതിന് പാകിസ്താന്റെ നേതൃത്വത്തെ ട്രംപ് പ്രശംസിച്ചു. ചില റിപ്പോർട്ടുകൾ പ്രകാരം, സമാധാന ശ്രമങ്ങൾക്കായി ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യാനും പാകിസ്താൻ തയ്യാറായിട്ടുണ്ട്.
ഗൗരവമായി പറഞ്ഞാൽ, വ്യക്തിപരമായ അഭിമാനവും രാഷ്ട്രീയസാമ്പത്തിക താൽപര്യങ്ങളും ചേർന്നതാണ് ട്രംപിന്റെ ദക്ഷിണേഷ്യ നയത്തിൽ മാറ്റം വരുത്തിയതെന്നതാണ് മുൻ യുഎസ് ദൂതന്റെ വിലയിരുത്തൽ.
