ന്യൂഡൽഹി : ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് 18 ശതമാനമായി കുറച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
മോഡിയെ തന്റെ 'മികച്ച സുഹൃത്തുകളിൽ ഒരാൾ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ അവസാനിപ്പിക്കാനും യുഎസിൽ നിന്നു കൂടുതൽ എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങാനും സമ്മതിച്ചെന്നും അറിയിച്ചു. 'മോഡിയോടുള്ള സൗഹൃദവും ആദരവും കണക്കിലെടുത്ത്, ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി 25 ശതമാനമായിരുന്ന പരസ്പര താരിഫ് 18 ശതമാനമാക്കി കുറച്ചതായും ട്രംപ് കുറിച്ചു.
റഷ്യൻ എണ്ണ വാങ്ങിയതിന് ശിക്ഷയായി ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക താരിഫ് പിൻവലിച്ചതും ഇതിലുൾപ്പെടുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ താരിഫും നോൺതാരിഫ് തടസ്സങ്ങളും പൂജ്യത്തിലാക്കുമെന്നും, 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ കാർഷിക, ഊർജ, സാങ്കേതിക ഉൽപ്പന്നങ്ങൾ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി മോഡി എക്സിൽ പങ്കുവച്ചിട്ടില്ല.
പുതിയ നിരക്കുകൾ പ്രകാരം ഏഷ്യയിൽ ജപ്പാനു പിന്നാലെ അമേരിക്കയിൽ നിന്ന് ഏറ്റവും കുറഞ്ഞ താരിഫ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ജപ്പാൻ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് 15 ശതമാനവും ബ്രിട്ടന് 10 ശതമാനവുമാണ് താരിഫ്. വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവയ്ക്ക് 20 ശതമാനം; പാക്കിസ്ഥാൻ, മലേഷ്യ, കംബോഡിയ, തായ്ലൻഡ് എന്നിവയ്ക്ക് 19 ശതമാനം വീതമാണ്. ഇന്ത്യയെക്കാൾ ഉയർന്ന താരിഫ് നേരിടുന്ന രാജ്യങ്ങളിൽ ചൈന (37%), ദക്ഷിണകൊറിയ (25%), ദക്ഷിണാഫ്രിക്ക (30%), ലാവോസ്, മ്യാൻമർ (40%) എന്നിവയും ബ്രസീൽ (50%)ഉം ഉൾപ്പെടുന്നു.
ബ്രിക്സ് രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയെക്കാൾ ഇന്ത്യയ്ക്ക് കുറഞ്ഞ താരിഫാണ് ലഭിച്ചത്. അയൽരാജ്യങ്ങളിൽ ബംഗ്ലാദേശിനും പാക്കിസ്ഥാനും ഇന്ത്യയേക്കാൾ അല്പം കൂടുതലാണ് നിരക്ക്, ചൈനയ്ക്കാണ് ഏറ്റവും ഉയർന്ന ടാരിഫ് - ട്രംപിന്റെ ദീർഘകാല ചൈന വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ എണ്ണയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതോടെയാണ് ഇന്ത്യ വലിയ തോതിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയത്. കുറഞ്ഞ വില ഇന്ത്യയ്ക്ക് അനുകൂലമായി. എന്നാൽ അടുത്തിടെ റഷ്യൻ എണ്ണ കമ്പനികൾക്ക് യുഎസ് ഉപരോധം ശക്തമാക്കിയതോടെ ഈ ഇടപാടുകൾ കുറയുന്ന സ്ഥിതിയാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ മാസങ്ങളായി ചർച്ചയിലായിരുന്നു. റഷ്യൻ എണ്ണ വാങ്ങൽ കുറയ്ക്കുന്നതിൽ ഇന്ത്യ പുരോഗതി ഉണ്ടാക്കിയെങ്കിലും ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീർ വ്യക്തമാക്കിയിരുന്നു. കരാറിന്റെ അന്തിമ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
ട്രംപിന്റെ താരിഫ് ഇളവ് : ഇന്ത്യക്ക് ലഭിച്ച 18% - ചൈന, പാക്കിസ്ഥാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെക്കാൾ മികച്ചത്
