ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ വാഹന ഇറക്കുമതിക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചതോടെ വിവിധ ഇന്ത്യന്‍ കമ്പനികളെ അത് ബാധിച്ചേക്കും. ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, സോണ ബിഎല്‍ഡബ്ല്യു, സംവര്‍ധന മദര്‍സണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെ താരിഫ് ബാധിച്ചേക്കും.
ഈ സ്ഥാപനങ്ങള്‍ യൂറോപ്പ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേക്ക് വാഹന ഘടകങ്ങള്‍ കയറ്റുമതി ചെയ്യുകയും അവ അമേരിക്കയിലേക്ക് വാഹന വിതരണം നിര്‍വഹിക്കുകയും ചെയ്യുന്നു.
ടാറ്റ മോട്ടോഴ്സിന് യു എസിലേക്ക് നേരിട്ട് കയറ്റുമതിയില്ല. എന്നാല്‍ അതിന്റെ അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അമേരിക്കന്‍ വിപണിയില്‍ ശക്തമായ സ്ഥാനമാണ് വഹിക്കുന്നത്.
ജെഎല്‍ആറിന്റെ 2024 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം വില്‍പ്പനയുടെ 22 ശതമാനം യു എസിലായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജെഎല്‍ആര്‍ ലോകമെമ്പാടും ഏകദേശം 400,000 വാഹനങ്ങള്‍ വില്‍പ്പന നടത്തി. ജെ എല്‍ ആറിന്റെ മുന്‍നിര വിപണികളിലൊന്നാണ് യു എസ്.
യു എസില്‍ വില്‍ക്കുന്ന കമ്പനിയുടെ വാഹനങ്ങള്‍ പ്രധാനമായും യു കെയിലും മറ്റ് അന്താരാഷ്ട്ര പ്ലാന്റുകളിലുമാണ് നിര്‍മിക്കുന്നത്. അവ ഇപ്പോള്‍ 25 ശതമാനം താരിഫിന് വിധേയമാകും.
അതേസമയം റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്സിനും ഇതിന്റെ ആഘാതമുണ്ടാകും. കാരണം അവരുടെ 650 സിസി മോഡലുകളുടെ പ്രധാന വിപണികളിലൊന്നാണ് യു എസ്.