ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ബുലന്ദ്ഷഹര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി കാറില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.
പ്രതികള്‍ ഗ്രേറ്റര്‍ നോയിഡയില്‍ ജോലി വാഗ്ദാനം ചെയ്്ത് രണ്ട് സ്ത്രീകളെ കയറ്റുകയായിരുന്നുവെന്ന് ഇര പൊലീസിനോട് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്,ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് പ്രതികള്‍. കാറിനുള്ളിലുണ്ടായ മല്‍പ്പിടിത്തതിനിടെ ഒരു പെണ്‍കുട്ടിയെ കാറിനുള്ളില്‍ നിന്ന് തള്ളിയിടുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ മരിച്ചു.
രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി നേരെ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രതികളുടെ കാര്‍ വളഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളുടെ കാലില്‍ വെടിയേറ്റു.
ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പുറത്തേക്കു തള്ളിയിട്ടു കൊന്നു
