യുഎസ് ജനപ്രതിനിധി സംഘം ധര്‍മശാലയില്‍ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തി; പ്രതിഷേധിച്ച് ചൈന

യുഎസ് ജനപ്രതിനിധി സംഘം ധര്‍മശാലയില്‍ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തി; പ്രതിഷേധിച്ച് ചൈന


ധര്‍മശാല (ഹിമാചല്‍പ്രദേശ്) : ചൈന നാടുകടത്തിയ ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈ ലാമയെ
ഏഴു പേരടങ്ങുന്ന യുഎസ് ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വച്ചാണ് യുഎസ് സംഘം ദലൈ ലാമയെ കണ്ടത്. കൂടിക്കാഴ്ചയ്‌ക്കെതിരെ പ്രതികരിച്ച് ചൈന രംഗത്തെത്തി.

ദലൈലാമയുടെ ചൈന വിരുദ്ധവും വിഘടനവാദ സ്വഭാവവും പൂര്‍ണ്ണമായി തിരിച്ചറിയണമെന്നും അതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ദലൈലാമയെ കാണാന്‍ വേണ്ടി മാത്രമാണ് അമേരിക്കന്‍ ജനപ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചത്.
ടിബറ്റന്‍ ജനതയുടെ മതവും സംസ്‌കാരവും ആചരിക്കുന്നതിന് അവര്‍ക്കുള്ള അവകാശങ്ങളെ അമേരിക്ക ദീര്‍ഘകാലമായി പിന്തുണയ്ക്കുന്നുണ്ട്. ടിബറ്റില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ യുഎസ് വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

യുഎസ് ജനപ്രതിനിധി സഭ ഈ മാസം ഒരു ഉഭയകക്ഷി ബില്‍ പാസാക്കിയിരുന്നു. അതില്‍ ചരിത്രപരവും സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ ടിബറ്റന്‍ സ്വത്വത്തെ അംഗീകരിക്കാന്‍ ചൈനയോട് യുഎസ് ആവശ്യപ്പെടുന്നുണ്ട്. ടിബറ്റന്‍ നേതാക്കളുമായി 2010 മുതല്‍ മുടങ്ങിക്കിടക്കുന്ന ചര്‍ച്ച പുനരാരംഭിക്കാനും യുഎസ് ചൈനയോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഈ ബില്‍ ഡ്രാഫ്റ്റ് ചെയ്ത രണ്ട് ജനപ്രതിനിധികളും മുന്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസിയും സന്ദര്‍ശക സംഘത്തിലുണ്ട്. ബൈഡന്‍ ബില്ലില്‍ ഒപ്പിട്ടാല്‍ ഇത് നിയമമായി മാറും.

യുഎസ്  ചൈന ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലുള്ള ഒരു നീക്കം യുഎസ് നടത്തിയത് ചൈനയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആഭ്യന്തര വിഷയങ്ങളായ തയ്വാനും ടിബറ്റും അവസരം കിട്ടുമ്പോളെല്ലാം കുത്തിപ്പൊക്കാന്‍ യുഎസ് ശ്രമിക്കുന്നുമുണ്ട്.