ചണ്ഡീഗഢ്: ഇനത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടികാഴ്ചക്ക് ശേഷവും അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാര്‍ക്കെതിരെയുള്ള നടപടി തുടരുന്നു. അമേരിക്കയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തിയത്. യു.എസ്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണിവരെ എത്തിച്ചത്. 112 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 44 പേര്‍ ഹരിയാണക്കാരും 33 പേര്‍ ഗുജറാത്തികളും 31 പേര്‍ പഞ്ചാബികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി അഞ്ചിനാണ് നാടുകടത്തപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം ഇന്ത്യയിലെത്തിയത്. അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ 104 പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 116 പേരും ഉണ്ടായിരുന്നു.
ഇതിനിടെ, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങള്‍ അമൃത്സറില്‍ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികള്‍ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്‌നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍ കുറ്റപ്പെടുത്തി. വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാന്‍ പറഞ്ഞു. മാനിനെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി വിഷയം വൈകാരികമാക്കാന്‍ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാന്‍ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെയൊന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി
