പെട്രോൾ-ഡീസൽ വില കുറയുമോ? സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

പെട്രോൾ-ഡീസൽ വില കുറയുമോ? സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി


ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുമോയെന്ന ചോദ്യത്തിന് സൂചന നൽകി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. നിലവിലെ നിലയിൽ ക്രൂഡ് ഓയിൽ വില ഏതാനും ആഴ്ചകൾ കൂടി തുടർന്നാൽ ഇന്ധനവില കുറയ്ക്കുമോയെന്ന ചോദ്യം സ്വാഭാവികമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. 'ക്രൂഡ് ഓയിൽ വില അടുത്ത ഏതാനും ആഴ്ചകളും ഇതേ നിലയിൽ തുടർന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമോയെന്ന ചോദ്യം എല്ലാവരും ഉയർത്തും. എന്നാൽ അപ്പോഴത്തെ സാഹചര്യം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല,' അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലവർധനയുടെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ വലിയ സാമ്പത്തികഭാരം ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെട്രോൾ, ഡീസൽ, പാചകവാതകം (എൽപിജി) എന്നിവ വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിറ്റതിനാൽ പൊതുമേഖല എണ്ണവിപണന കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടവും വിലക്കുറവ് മൂലമുള്ള വരുമാനക്കുറവും ഉണ്ടായതായി അദ്ദേഹം അറിയിച്ചു.

ഇതിനിടെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 71 ഡോളറിനടുത്തേക്കും അമേരിക്കൻ വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 68 ഡോളറിനടുത്തേക്കുമാണ് ഇടിഞ്ഞത്.

ഖത്തർ അറിയിച്ചതുപോലെ, ഇറാൻ-അമേരിക്ക പരോക്ഷ ചർച്ചകളിൽ പുരോഗതി ഉണ്ടായെന്ന വാർത്തയെ തുടർന്നാണ് എണ്ണവിലയിൽ ഇടിവ് ശക്തമായത്. നേരത്തെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയെ തുടർന്ന് ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. ഇപ്പോൾ ആ ആശങ്കകൾ കുറഞ്ഞതോടെയാണ് വില താഴോട്ടിറങ്ങുന്നത്.

എന്നിരുന്നാലും, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കുമെന്ന പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയിട്ടില്ല. ക്രൂഡ് ഓയിൽ വിലയിലെ മാറ്റവും എണ്ണക്കമ്പനികളുടെ സാമ്പത്തികസ്ഥിതിയും വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.