റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് മൂന്ന് വർഷത്തിലേറെയായപ്പോൾ ഇരുരാജ്യങ്ങളിലുമായി 20 ലക്ഷത്തിലേറെ സൈനികരെ നഷ്ടപ്പെട്ടതായി അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) പുറത്തുവിട്ട പഠന റിപ്പോർട്ട്. 2022 ഫെബ്രുവരി 24ന് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിനുശേഷം യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സായുധസംഘർഷമായാണ് ഈ യുദ്ധം മാറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് പ്രകാരം റഷ്യൻ സൈന്യത്തിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കാണാതായവരും ഉൾപ്പെടെ റഷ്യയുടെ ആകെ സൈനിക നഷ്ടം 14 ലക്ഷത്തിനും 15 ലക്ഷത്തിനുമിടയിലാണ്. ഇതിൽ നാലു ലക്ഷത്തിനും 4.5 ലക്ഷത്തിനുമിടയിൽ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേസമയം, ഉക്രൈൻ സൈന്യത്തിന്റെ ആകെ നഷ്ടം 5.25 ലക്ഷത്തിനും 6.25 ലക്ഷത്തിനുമിടയിലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ 1.25 ലക്ഷത്തിനും 1.5 ലക്ഷത്തിനുമിടയിൽ സൈനികർ കൊല്ലപ്പെട്ടതായാണ് വിലയിരുത്തൽ.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലുമായി കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ആകെ എണ്ണത്തിന്റെ നാലിരട്ടിയിലധികമാണ് ഉക്രൈനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരെന്ന് CSIS റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ റഷ്യൻ-ഉക്രൈൻ സൈനിക നഷ്ടത്തിന്റെ അനുപാതം ഏകദേശം 8:1 ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയും ഉക്രൈനും ഔദ്യോഗികമായി സൈനിക നഷ്ടങ്ങളുടെ കണക്ക് പുറത്തുവിടുന്നില്ല. എന്നിരുന്നാലും, CSIS പുറത്തുവിട്ട കണക്കുകൾ പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തലുകളുമായി പൊതുവേ പൊരുത്തപ്പെടുന്നതാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ആക്രമണം തുടരുന്നു
വൻ നഷ്ടങ്ങൾക്കിടയിലും യുദ്ധം കൂടുതൽ രൂക്ഷമാകുകയാണ്. വ്യാഴാഴ്ച പുലർച്ചെ റഷ്യ കീവ് നഗരത്തിൽ നടത്തിയ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും നിരവധി അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾ തകരുകയും പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.
ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ആക്രമണത്തിൽ തകർന്ന ഒരു പാർപ്പിട സമുച്ചയം സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.
ഉക്രൈൻ വ്യോമസേനയുടെ കണക്കുപ്രകാരം, റഷ്യ 496 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ 74 മിസൈലുകളും പ്രയോഗിച്ചു.
അതേസമയം, പുതിയ ആക്രമണങ്ങൾക്കിടയിലും യുദ്ധം അവസാനിപ്പിക്കാൻ സമാധാനകരാർ സാധ്യമാക്കാനുള്ള ശ്രമങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുകയാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. 'അർഥമില്ലാത്ത ഈ രക്തച്ചൊരിച്ചിൽ അവസാനിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹം,' എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തത്.
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ 2 മില്യൻ സൈനികരെ നഷ്ടപ്പെട്ടു; റഷ്യൻ മരണങ്ങൾ ഉക്രൈനെക്കാൾ നാലിരട്ടിയിലധികമെന്ന് പഠനം
