ലണ്ടൻ: അവിവാഹിതരായ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളെ നിർബന്ധിതമായി വേർപെടുത്തി ദത്തുനൽകിയ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഔദ്യോഗികമായി മാപ്പുപറഞ്ഞു. 1949 മുതൽ 1976 വരെ ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ഈ നടപടി 'നമ്മുടെ ചരിത്രത്തിലെ മായാത്ത കളങ്കമാണ്' എന്ന് അദ്ദേഹം വശേഷിപ്പിച്ചു.
ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് സ്റ്റാർമർ രാജ്യത്തിന്റെ പേരിൽ ഖേദം പ്രകടിപ്പിച്ചത്. 'സ്വന്തം കുഞ്ഞുങ്ങളെ വളർത്താൻ യോഗ്യതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കപ്പെട്ട അമ്മമാരോടും, അവർ അതിയായി ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങളെ വളർത്തുന്നതിൽ നിന്ന് തടയപ്പെട്ടവരോടും ഞങ്ങൾ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു. ഈ ദുഃഖം പതിറ്റാണ്ടുകളായി അവർ മനസ്സിൽ പേറിയാണ് ജീവിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
'ലജ്ജിക്കേണ്ടത് നിങ്ങളല്ല. ഒരിക്കലും നിങ്ങളായിരുന്നില്ല. ലജ്ജിക്കേണ്ടത് ഞങ്ങളാണ്,' എന്നും അദ്ദേഹം കൂട്ടച്ചേർത്തു.
1949നും 1976നും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി ഏകദേശം 1.85 ലക്ഷം കുഞ്ഞുങ്ങളെയാണ് അവിവാഹിതരായ അമ്മമാരിൽ നിന്ന് വേർപെടുത്തി ദത്തുനൽകിയതെന്നാണ് കണക്ക്. സമൂഹത്തിന്റെയും കുടുംബങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സമ്മർദത്തെ തുടർന്ന് നിരവധി സ്ത്രീകൾക്ക് സ്വന്തം കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന അവസ്ഥയുണ്ടായിരുന്നുവെന്നാണ് പിന്നീട് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തിയത്. ഇവരിൽ പലരും കൗമാരപ്രായക്കാരായിരുന്നു.
ഔദ്യോഗിക മാപ്പിനായി വർഷങ്ങളായി പോരാടിയ അതിജീവിതരെയും സ്റ്റാർമർ അഭിനന്ദിച്ചു. തങ്ങളുടെ ദുരനുഭവങ്ങൾ ധൈര്യപൂർവം തുറന്നുപറഞ്ഞും സത്യം പുറത്തുകൊണ്ടുവരാൻ നിരന്തരം പോരാടിയും അവർ നടത്തിയ ശ്രമങ്ങൾ അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ ഔദ്യോഗികമായി തെറ്റ് അംഗീകരിക്കണമെന്ന് നാല് വർഷം മുമ്പ് പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ മാപ്പുപറച്ചിൽ. സമാന വിഷയത്തിൽ ഓസ്‌ട്രേലിയ 2013ലും അയർലാന്റ് 2021ലും ഔദ്യോഗികമായി മാപ്പുപറഞ്ഞിരുന്നു.
അതിജീവിതരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ കണ്ടശേഷം പ്രതികരിച്ച സ്റ്റാർമർ, 'പതിനായിരക്കണക്കിന് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു,' എന്ന് പറഞ്ഞു.
കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് വേർപെടുത്തിയത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധമതസ്ഥാപനങ്ങൾ, ആരോഗ്യസാമൂഹിക സേവന സംവിധാനങ്ങൾ എന്നിവയിലുടനീളം നിലനിന്നിരുന്ന ഒരു വ്യവസ്ഥാപിത രീതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മുടെ ചരിത്രത്തിലെ മായാത്ത കളങ്കം'; അവിവാഹിതരായ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളെ വേർപെടുത്തിയ സംഭവത്തിൽ ചരിത്രപരമായ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി
