അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി 250 വർഷത്തിന് ശേഷം മാത്രം തുറക്കാൻ നിർദേശിച്ച പ്രത്യേക ടൈം ക്യാപ്‌സ്യൂൾ(സമയ പേടകം) മണ്ണിനടിയിൽ സ്ഥാപിക്കുന്നു. 2026 ജൂലൈ 4ന് (ശനിയാഴ്ച) പെൻസിൽവാനിയയിലെ ഫിലഡൽഫിയയിലെ ഇൻഡിപെൻഡൻസ് ഹാളിന് സമീപമാണ് ഏകദേശം 900 പൗണ്ട് (ഏകദേശം 408 കിലോഗ്രാം) ഭാരമുള്ള സ്‌റ്റെയിൻലെസ് സ്റ്റീൽ ക്യാപ്‌സ്യൂൾ സ്ഥാപിക്കുന്നത്. ക്യാപ്‌സ്യൂളിൽ '2276 വരെ തുറക്കരുത്' എന്ന വ്യക്തമായ നിർദേശവുമുണ്ട്.
അമേരിക്കയുടെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ അമേരിക്ക 250 (America250) പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം. 2026ലെ അമേരിക്കയുടെ ജീവിതം, സംസ്‌കാരം, ശാസ്ത്രം, സാങ്കേതികവിദ്യ, സമൂഹം എന്നിവയുടെ ഒരു നേർക്കാഴ്ച ഭാവിതലമുറയ്ക്ക് സമ്മാനിക്കുകയെന്നതാണ് ലക്ഷ്യം.
സംസ്ഥാനങ്ങളിൽ നിന്ന് വൈവിധ്യമാർന്ന സമ്മാനങ്ങൾ
അമേരിക്കയിലെ 50 സംസ്ഥാനങ്ങളും അഞ്ച് പ്രദേശങ്ങളും വിവിധ സാംസ്‌കാരികകായിക സംഘടനകളും തങ്ങളുടെ പ്രത്യേകതയെ പ്രതിനിധീകരിക്കുന്ന വസ്തുക്കളാണ് ക്യാപ്‌സ്യൂളിലേക്ക് നൽകിയത്.
വിസ്‌കോൺസിൻ ആഭ്യന്തരയുദ്ധകാലത്ത് പ്രശസ്തമായിരുന്ന 'ഓൾഡ് ഏബ്' എന്ന കഷണ്ടിക്കഴുകന്റെ ഒരു തൂവൽ നൽകി. ഒഹായോ ലോകത്തിലെ ആദ്യ വിജയകരമായ വിമാനയാത്ര നടത്തിയ റൈറ്റ് സഹോദരന്മാരുടെ വിമാനവുമായി ബന്ധപ്പെട്ട തുണിത്തുണ്ട് സംഭാവന ചെയ്തു.
വംശനാശ ഭീഷണി നേരിടുന്ന നോർത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലത്തിന്റെ അസ്ഥിഭാഗമാണ് മെയിൻ സംസ്ഥാനത്തിന്റെ സംഭാവന.
കാലിഫോർണിയയാകട്ടെ വ്യത്യസ്തമായ ഒരു ആശയമാണ് തിരഞ്ഞെടുത്തത്. ഇനി 250 വർഷത്തിന് ശേഷം കാലിഫോർണിയ എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ക്ലോഡ് (Claude) നൽകിയ മറുപടിയാണ് സംസ്ഥാനത്തിന്റെ സംഭാവന.
ഇതിനൊപ്പം ആധുനിക അമേരിക്കയുടെ പ്രതീകമായി ഒരു ഓറഞ്ച് നിറത്തിലുള്ള ഐഫോണും അമേരിക്ക250 ഉൾപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശീയ അമേരിക്കൻ ജനതയുടെ ബുക്ക്മാർക്ക്, അർക്കൻസാസിൽ നിന്നുള്ള വജ്രം, ന്യൂ മെക്‌സിക്കോയിലെ പരമ്പരാഗത കുക്കിയുടെ പാചകക്കുറിപ്പ്, 2025ലെ എൻബിഎ കിരീടം നേടിയ ഒക്ലഹോമ സിറ്റി തണ്ടറിനെ അനുസ്മരിക്കുന്ന പിൻ എന്നിവയും ക്യാപ്‌സ്യൂളിൽ ഉൾപ്പെടുന്നു.
250 വർഷം നിലനിൽക്കുന്ന രൂപകൽപന
ക്യാപ്‌സ്യൂൾ 250 വർഷം സുരക്ഷിതമായി മണ്ണിനടിയിൽ നിലനിൽക്കാൻ പ്രത്യേക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ചേരുവകളും ജോയിന്റുകളും പരമാവധി കുറച്ച് സ്റ്റെയിൻലെസ് സ്റ്റീലിൽ സിലിണ്ടർ ആകൃതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
ഈ ക്യാപ്‌സ്യൂൾ ലോഹത്തിൽ നിർമ്മിച്ച മണിയുടെ ആകൃതിയിലുള്ള ഒരു പ്രത്യേക കവചത്തിനുള്ളിലായിരിക്കും സ്ഥാപിക്കുക. ഈ കവചം ഈർപ്പം അകത്ത് കടക്കുന്നത് തടയും. വായു കടക്കാത്തവിധം അടയ്ക്കാൻ ഇൻഡിയം എന്ന ലോഹവും ഉപയോഗിച്ചിട്ടുണ്ട്.
250 വർഷം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ വിലയിരുത്തിയതിനാൽ തുകൽ കൊണ്ട് നിർമ്മിച്ച അമേരിക്കൻ ഫുട്‌ബോൾ പോലുള്ള ചില വസ്തുക്കൾ ഒഴിവാക്കിയിട്ടുണ്ട്.
ഭാവി തലമുറകൾക്കുള്ള സന്ദേശം
അമേരിക്കയിൽ ഇതിനുമുമ്പും ടൈം ക്യാപ്‌സ്യൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. 1876ൽ സ്ഥാപിച്ച ഒരു ക്യാപ്‌സ്യൂൾ 1976ലാണ് തുറന്നത്. മറ്റൊന്ന് 2076 വരെ അമേരിക്കൻ നാഷണൽ ആർക്കൈവ്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാൽ ഫിലഡൽഫിയയിൽ സ്ഥാപിക്കുന്ന പുതിയ ടൈം ക്യാപ്‌സ്യൂൾ 2276 വരെ തുറക്കില്ല. അന്ന് അത് തുറക്കുന്നവർക്ക് 2026ലെ അമേരിക്ക എന്തിനെ വിലമതിച്ചു, എന്താണ് ആഘോഷിച്ചത്, എന്തൊക്കെയായിരുന്നു രാജ്യത്തിന്റെ പ്രതീക്ഷകളും ആശങ്കകളും എന്നതിന്റെ ചരിത്രസാക്ഷ്യങ്ങളാകും അതിലുള്ള വസ്തുക്കൾ.
'2276 വരെ തുറക്കരുത്'; അമേരിക്കയുടെ 250ാം വാർഷികത്തിൽ 'ചരിത്ര സമയ പേടകം' മണ്ണിനടിയിലേക്ക്
