ഭീകരര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയ യുവാവ് സുരക്ഷ സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നദിയില്‍ ചാടി മരിച്ചു

ഭീകരര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയ യുവാവ് സുരക്ഷ സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നദിയില്‍ ചാടി മരിച്ചു


ന്യൂഡല്‍ഹി : സുരക്ഷ സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ യുവാവ് നദിയില്‍ ചാടി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഇയാള്‍ ഭീകരര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയതായി കണ്ടെത്തിയിരുന്നു. കുല്‍ഗാമിലെ ടാങ്മാര്‍ഗിലെ വനത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്ക് ഭക്ഷണവും സാധനങ്ങളും നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. തീവ്രവാദികളുടെ ഒളിത്താവളം കാണിച്ച് കൊടുക്കാനായി പൊലീസും സൈന്യവും അടങ്ങുന്ന സംയുക്ത സംഘത്തിനൊപ്പം പോകുന്നതിനിടെയാണ് ഇയാള്‍ സേനയെ വെട്ടിച്ച് നദിയില്‍ ചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനമുണ്ട്.

ഇംതിയാസ് അഹമ്മദ് മഗ്രെയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. 'കുല്‍ഗാമിലെ ഒരു നദിയില്‍ നിന്ന് മറ്റൊരു മൃതദേഹം കണ്ടെടുത്തിയിട്ടുണ്ട്, ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആരോപിക്കുന്നു. രണ്ട് ദിവസം മുമ്പ് ഇംതിയാസ് മഗ്രെയെ സൈന്യം പിടികൂടിയതായും ഇപ്പോള്‍ ദുരൂഹമായി അദ്ദേഹത്തിന്റെ മൃതദേഹം നദിയില്‍ പൊങ്ങിയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു,' മെഹബൂബ മുഫ്തി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.