കൊച്ചി: ഉമ തോമസ് എം എല്‍ എ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ഒരുക്കിയ താത്ക്കാലിക വേദിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ ഇവന്റ് മാനേജരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരതനാട്യത്തില്‍ ലോക റെക്കോഡ് സൃഷ്ടിക്കാന്‍ മൃദംഗനാദം സംഘടിപ്പിച്ച പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റിന് ഓസ്‌കാര്‍ ഇവന്റ്‌സ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിന്റെ മാനേജര്‍ കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി.
സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലെ കസേരകള്‍ക്കു മുകളില്‍ കെട്ടിയുറപ്പിച്ച താത്കാലിക വേദി അത്യന്തം അപകടകരമായിരുന്നു എന്നാണ് വിലയിരുത്തല്‍. മുന്നില്‍ നിന്ന് വീഴാതിരിക്കാന്‍ ബാരിക്കേഡോ വേലിയോ പോലെ ഒരു സജ്ജീകരണവും ഒരുക്കിയിരുന്നില്ല. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസിനെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുപോയത്. ഇവിടെ റിബണില്‍ പിടിച്ച എം എല്‍ എ 14 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
സ്റ്റേഡിയം നൃത്ത പരിപാടിക്ക് അനുവദിച്ചതല്ലാതെ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് സ്റ്റേഡിയത്തിനെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി പറയുന്നത്. നിലവിളക്ക് കൊളുത്താനുള്ള സൗകര്യം മാത്രം ഒരുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നും പറയുന്നു.
വേദി മാത്രമല്ല, സ്റ്റേഡിയത്തിലേക്കുള്ള കവാടവും അപകടകരമായ രീതിയിലാണ് സജ്ജീകരിച്ചിരുന്നതെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഏകദേശം 12,000 നര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ക്കെല്ലാം അകത്തേക്കു കയറാനും പുറത്തേക്കിറങ്ങാനുമായി ഒരേയൊരു കവാടം മാത്രമാണ് തുറന്നിരുന്നത്.
മന്ത്രി സജി ചെറിയാന്‍, ഹൈബി ഈഡന്‍ എം പി, ജി സി ഡി എ അധ്യക്ഷന്‍ കെ ചന്ദ്രന്‍പിള്ള എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്ന വേദിയില്‍ വച്ചാണ് ഉമ തോമസിന് അപകടം സംഭവിച്ചത്.