മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ  പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു


ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം നിര്‍വഹിച്ചു.

സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.

മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹം ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴി'കള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാളത്തിലെ പ്രമുഖ നിരൂപകനും പത്രാധിപരുമായിരുന്നു. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാളസാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതില്‍ ജയചന്ദ്രന്‍ നായര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന പംക്തിക്ക് തുടക്കമിട്ട പത്രാധിപര്‍ കൂടിയാണ് അദ്ദേഹം. മലയാളനാട്, കലാകൗമുദി, മലയാളം എന്നീ വാരികകളില്‍ മൂന്നര പതിറ്റാണ്ട് കാലം സാഹിത്യ വാരഫലം തുടര്‍ന്നു. മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായി.

ദേശാഭിമാനി റെസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യ പരമ്പര ജയചന്ദ്രന്‍ നായരുടെ ഇടപെടലോടെ മലയാളം വാരികയില്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് ഖണ്ഡകാവ്യ പ്രസിദ്ധീകരണം നിര്‍ത്തിയത്.

ഇതിനെത്തുടര്‍ന്ന് മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം 2012ല്‍ മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്നും രാജിവെച്ചു. മലയാളം വാരിക പ്രസിദ്ധീകരണം തുടങ്ങിയതു മുതല്‍ 15 വര്‍ഷമായി ജയചന്ദ്രന്‍ നായരായിരുന്നു എഡിറ്റര്‍.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എസ് ജയചന്ദ്രന്‍ നായര്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിന്‍ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.