ആറ് ഇന്ത്യന്‍ അമേരിക്കക്കാര്‍ യു എസ് ജനപ്രതിനിധിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ആറ് ഇന്ത്യന്‍ അമേരിക്കക്കാര്‍ യു എസ് ജനപ്രതിനിധിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു


വാഷിംഗ്ടണ്‍: ആറ് ഇന്ത്യന്‍ അമേരിക്കക്കാര്‍ യു എസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

പന്ത്രണ്ട് വര്‍ഷം മുമ്പ് താന്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ അംഗവും യു എസ് ചരിത്രത്തില്‍ മൂന്നാമത്തേതും മാത്രമായിരുന്നുവെന്നും ഇപ്പോള്‍ സംഖ്യ ആറായെന്നും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ ഹാളുകളിലേക്ക് കൂടുതല്‍ ഇന്ത്യന്‍ അമേരിക്കക്കാരെ സ്വാഗതം ചെയ്യുന്നതില്‍ താന്‍ ആവേശത്തിലാണെന്ന് കോണ്‍ഗ്രസുകാരനായ ഡോ. അമി ബെറ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ഏഴാം കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയായി തുടര്‍ച്ചയായി ഏഴാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അവരില്‍ ഏറ്റവും മുതിര്‍ന്നയാളായ ബെറ ഹൗസില്‍ നിന്ന് ആറ് ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും ചിത്രവും പോസ്റ്റ് ചെയ്തു.

വിര്‍ജീനിയയിലെ 10-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന സുഹാഷ് സുബ്രഹ്മണ്യന്‍ ജനപ്രതിനിധിസഭയില്‍ അംഗമാകുന്ന ഏറ്റവും പുതിയ ഇന്ത്യന്‍ അമേരിക്കക്കാരനാണ്. അദ്ദേഹം തന്റെ കുടുംബത്തിനും ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സനുമൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.

''സേവിക്കാന്‍ തയ്യാറാണ്,'' മിഷിഗനിലെ പതിമൂന്നാം കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസുകാരന്‍ താനേദാര്‍ ഹൗസ് ഫ്‌ളോറില്‍ നിന്ന് തന്റെ സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു. ആറ് ഇന്ത്യന്‍ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഹൗസ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന് വോട്ട് ചെയ്തു. ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കന്‍ മൈക്ക് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസുകാരനായ റോ ഖന്ന കാലിഫോര്‍ണിയയിലെ 17-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. രാജാ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിസിലെ എട്ടാമത്തെ കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഏഴാമത്തെ കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതയാണ്.

ഖന്ന, കൃഷ്ണമൂര്‍ത്തി, ജയപാല്‍ എന്നിവപ്ഡ തുടര്‍ച്ചയായി അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഈ കാലയളവില്‍ അവര്‍ അവരുടേതായ രീതിയില്‍ ശക്തരായ നിയമനിര്‍മ്മാതാക്കളായി ഉയര്‍ന്നു.

കൃഷ്ണമൂര്‍ത്തി ശക്തനായ ചൈന കമ്മിറ്റിയിലെ റാങ്കിംഗ് അംഗവും ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി അംഗവുമാണ്. എം എസ് ജയപാല്‍ നിയമനിര്‍മ്മാതാക്കളുടെ വളരെ ശക്തമായ പുരോഗമന ഗ്രൂപ്പിന്റെ നേതാവാണ്. ഖന്നയാവട്ടെ നിരവധി ശക്തമായ ഹൗസ് കമ്മിറ്റികളിലെ അംഗം മാത്രമല്ല ചിലര്‍ക്ക് സാധ്യതയുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ്. 

ആറ് ഇന്ത്യന്‍ അമേരിക്കക്കാരും അനൗപചാരിക സമൂസ കോക്കസ് ആണ്. കൃഷ്ണമൂര്‍ത്തിയാണ് ഈ പദം ഉപയോഗിച്ചത്. 2012-ല്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 10 ഇന്ത്യന്‍ അമേരിക്കക്കാര്‍ ജനപ്രതിനിധിസഭയില്‍ ഉണ്ടാകണമെന്നായിരുന്നു ഡോ. ബെറ ആഗ്രഹിച്ചിരുന്നത്.

സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിച്ച നിരവധി ഇന്ത്യന്‍ അമേരിക്കക്കാര്‍ പ്രൈമറി സമയത്തോ നവംബര്‍ അഞ്ചിലെ പൊതുതെരഞ്ഞെടുപ്പിലോ പരാജയപ്പെട്ടു. അവരില്‍ മൂന്ന് പേരെങ്കിലും സ്ത്രീകളായിരുന്നു: സുശീല ജയ്പാല്‍, ഭവാനി പട്ടേല്‍, ക്രിസ്റ്റല്‍ കൗള്‍.

1957-ല്‍ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരനാണ് ദലിപ് സിംഗ് സൗണ്ട്. കൂടാതെ, ആദ്യത്തെ സിഖുകാരനായ അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

യു എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് രണ്ടാമത്തെ ഇന്ത്യന്‍ അമേരിക്കക്കാരനുണ്ടാവാന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകളെടുത്തു. ബോബി ജിന്‍ഡാല്‍ 2005 മുതല്‍ 2008 വരെ ലൂസിയാനയിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു. പിന്നീട് അദ്ദേഹം ലൂസിയാനയില്‍ രണ്ട് തവണ ഗവര്‍ണറായി. ഒരു യു എസ് സംസ്ഥാനത്തിന്റെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരനാണ് അദ്ദേഹം. റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കക്കാരനാണ് ജിന്‍ഡാല്‍.