പാകിസ്ഥാനില്‍ കോടികള്‍ വില മതിക്കുന്ന ഭീമമായ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ പഞ്ചാബിലെ അറ്റോക്ക് പ്രവിശ്യയില്‍ ഏകദേശം 32.6 മെട്രിക് ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് കണ്ടെത്തിയതെന്നും, 600 ബില്യണ്‍ പാകിസ്ഥാന്‍ രൂപ വില മതിക്കുന്ന ശേഖരമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയുടെ ആഴങ്ങളിലാണ് അമൂല്യ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
പാക് പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദിയില്‍ സ്വര്‍ണ്ണവും, മറ്റു ധാതുക്കളും നിയമപരമല്ലാതെ ഖനനം ചെയ്‌തെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്നുള്ള മണ്ണുവാരലിന്റെ മറവിലാണ് ഇതു നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരം അനധികൃത ഖനനങ്ങള്‍ക്കെതിരെ പാക് ഭരണകൂടം സെക്ഷന്‍ 144 പ്രകാരം നടപടി സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ നദിയില്‍ നിന്ന് സ്വര്‍ണ്ണം ശേഖരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയാണ് ഉണ്ടായത്. നിലവില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് സ്വര്‍ണ്ണം ഖനനം ചെയ്‌തെടുക്കാനാണ് പാക് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പാകിസ്ഥാനിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തരമേഖലയിലെ പര്‍വ്വത പ്രദേശങ്ങളില്‍ നിന്നാണ് നദി സ്വര്‍ണ്ണം വഹിച്ചു കൊണ്ടു വരുന്നത്. ഈ സ്വര്‍ണ്ണം നദീതടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. മഞ്ഞുകാലത്ത് നദിയിലെ ജലനിരപ്പ് താഴുമ്പോള്‍ തദ്ദേശ വാസികള്‍ക്ക് നദിയില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനുള്ള അവസരം ലഭിക്കുന്നു. പൂഴിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചടുക്കുന്ന പ്ലേസര്‍ ഖനനം ഇവിടെ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തണുപ്പ് കാലത്ത് ജലനിരപ്പ് കുറയുമ്പോള്‍ പൂഴിയുമായി കലര്‍ന്നു കിടക്കുന്ന തെളിച്ചമുള്ള സ്വര്‍ണ്ണത്തരികള്‍ ഇവിടെ ദൃശ്യമാകുന്നതായി പറയപ്പെടുന്നു.
അറ്റോക്കിന് സമീപം സിന്ധു, കാബൂള്‍ നദികള്‍ ചേരുന്നിടത്താണ് നിക്ഷേപമുള്ളത്. എന്നാല്‍ ഇവിടത്തെ സ്വര്‍ണ്ണ ഖനനവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളും നില നില്‍ക്കുന്നു. സ്വര്‍ണ്ണം ഖനനം ചെയ്യുന്നതിന് പകരം സ്റ്റോണ്‍, സാന്‍ഡ് സിങ്ക് എന്നിവയുടെ മൈനിങ്ങിനാണ് പഞ്ചാബ് പ്രവിശ്യയിലെ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് മുതല്‍ മിയാന്‍വാലി വരെയുള്ള 32 കിലോമീറ്റര്‍ പ്രദേശത്താണ് നിലവില്‍ വന്‍ തോതിലുള്ള സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. പാക് ജിയോളജിക്കല്‍ സര്‍വ്വേ നടത്തിയ ഗവേഷണത്തിലാണ് ഇത്രയും സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത്തരത്തില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കപ്പെടാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കാറുണ്ട്
ഹിമാലയത്തില്‍ നിന്ന് പാകിസ്ഥാനിലേക്ക് വന്‍ സ്വര്‍ണ്ണ ശേഖരം ഒഴുകിയെത്തി