പ്രതിദിനം 48 കോടി! ഇന്ത്യന്‍ സിഇഒ ജഗ്ദീപ് സിംഗിന്റെ വരുമാനം വന്‍കിട കമ്പനികളേക്കാള്‍ എത്രയോ കൂടുതല്‍

പ്രതിദിനം 48 കോടി! ഇന്ത്യന്‍ സിഇഒ ജഗ്ദീപ് സിംഗിന്റെ വരുമാനം വന്‍കിട കമ്പനികളേക്കാള്‍ എത്രയോ കൂടുതല്‍


ന്യൂഡല്‍ഹി: വന്‍കിട കമ്പനികളുടെ വാര്‍ഷിക വരുമാനത്തേക്കാള്‍ എത്രയോ കൂടുതല്‍ വാങ്ങുന്ന ഇന്ത്യക്കാരന്‍- ജഗ്ദീപ് സിംഗിനെ മാധ്യമങ്ങള്‍ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (ജഗ്ദീപ് സിംഗിന്റെ ശമ്പള വിവരങ്ങള്‍ ഞങ്ങള്‍ പരിശോധന നടത്തിയിട്ടില്ല)

ക്വാണ്ടംസ്‌കേപ് സ്ഥാപകനും മുന്‍ സി ഇ ഒയുമായ ജഗ്ദീപ് സിംഗാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍. അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന വാര്‍ഷിക ശമ്പളം 17,500 കോടി രൂപയാണ്. ന്യൂസ് 18 റിപ്പോര്‍ട്ട് അനുസരിച്ച് ഈ കണക്കിനെ പ്രതിദിനത്തിലേക്ക് മാറ്റിയാല്‍ ശരാശരി വരുമാനം 48 കോടിയാകും. പല വന്‍കിട കോര്‍പ്പറേഷനുകളുടെയും വാര്‍ഷിക വരുമാനത്തെ മറികടക്കുന്ന തുകയാണിത്. 

ജഗ്ദീപ് സിങ്ങിന്റെ അസാധാരണമായ വരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയങ്ങളെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രതിഭകളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററി സാങ്കേതികവിദ്യയുടെ മുന്‍നിരയിലുള്ള കമ്പനിയാണ് ക്വാണ്ടംസ്‌കേപ്. 

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയാണ് അദ്ദേഹം തന്റെ അസാധാരണ പദവിയിലേക്കുള്ള യാത്ര ആരംഭിച്ചത്.

2010-ല്‍ ക്വാണ്ടംസ്‌കേപ്പ് സ്ഥാപിക്കുന്നതിന് മുമ്പ് ജഗ്ദീപ് സിംഗ് ഒന്നിലധികം കമ്പനികളിലെ വിവിധ റോളുകളില്‍ ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ചിരുന്നു. ഹെവ്‌ലെറ്റ് പാക്കാര്‍ഡ്, സണ്‍ മൈക്രോ സിസ്റ്റംസ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ബാറ്ററി സാങ്കേതികവിദ്യയിലെ നവീകരണത്തിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെയാണ് ജഗ്ദീപ് സിംഗ് മുന്നേറിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയില്‍ നിര്‍ണായകമായ ഒരു കമ്പനി സ്ഥാപിക്കുന്നതിലേക്കാണ് അതദ്ദേഹത്തെ നയിച്ചത്. 

ബില്‍ ഗേറ്റ്സ്, ഫോക്സ്വാഗണ്‍ തുടങ്ങിയ വ്യവസായ ഭീമന്മാരില്‍ നിന്ന് ഗണ്യമായ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ക്വാണ്ടംസ്‌കേപ്പ് അതിവേഗം വളര്‍ന്നു. ഇലക്ട്രിക് വാഹന പ്രകടനത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അടുത്ത തലമുറ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതിവേഗം വളരുന്ന ഈ മേഖലയില്‍ ക്വാണ്ടംസ്‌കേപ്പിനെ ജഗ്ദീപ് സിങ്ങിന്റെ നേതൃനിരയിലെത്തിച്ചു. 

ജഗ്ദീപ് സിംഗ് 2024 ഫെബ്രുവരി 16-നാണ് ക്വാണ്ടംസ്‌കേപ്പിന്റെ സിഇഒ സ്ഥാനം ശിവ ശിവറാമിന് വിട്ടുകൊടുത്തത്. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് അനുസരിച്ച് അദ്ദേഹം ഇപ്പോള്‍ 'സ്റ്റെല്‍ത്ത് സ്റ്റാര്‍ട്ടപ്പിന്റെ' സിഇഒ ആണ്. ശ്രദ്ധേയമായ കാര്യം ജഗ്ദീപ് സിംഗിന്റെ എക്‌സ് ഹാന്‍ഡില്‍ '@startupjag' എന്നതാണ്.