നിലമ്പൂര്‍: പിണറായി വിജയന്റെ ദുര്‍ഭരണത്തിനും ന്യൂനപക്ഷ വിരുദ്ധ ഗൂഢാലോചനയ്ക്കുമെതിരേ യു ഡി എഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിറകെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹവും മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, പാണക്കാട് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ നല്‍കിയ പിന്തുണ തനിക്ക് ആശ്വാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി ബിഷപ്പുമാരും സി പി ജോണും പിന്തുണച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ഇതുവരെയും പിണറായിസത്തിനെതിരേ ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ഇനി ഒറ്റക്കെട്ടായി എതിര്‍ക്കും. അതിന് വ്യക്തിപരമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.
ഫോറസ്റ്റ് ഓഫിസ് അടിച്ചു തകര്‍ത്തുവെന്ന കേസില്‍ അറസ്റ്റിലായ പി വി അന്‍വറിന് നിലമ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു..