ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചേക്കും. സ്വന്തം ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ട്രൂഡോ തകര്‍ച്ച നേരിടുന്ന സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെയുള്ള ആഭ്യന്തര വെല്ലുവിളികളില്‍ നിന്നും പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ ഉപയോഗിക്കുന്നുവെന്നുള്ള ആരോപണങ്ങളുമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി ലിബറല്‍ പാര്‍ട്ടിയുടെ ഉന്നത എം പിമാരായ സിന്‍ കെസേ, കെന്‍ മക്‌ഡൊണാള്‍ഡ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ട്രൂഡോയുടെ നേതൃത്വത്തോടുള്ള അതൃപ്തി ഉയര്‍ത്തിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. ഇരുപതിലേറെ ലിബറല്‍ എം പിമാരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡിസംബറില്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചത് ട്രൂഡോ സര്‍ക്കാരിന് കടുത്ത തിരിച്ചടിയായിരുന്നു. ട്രൂഡോ യു എസ് താരിഫുകള്‍ കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹത്തിന്റെ സാമ്പത്തിക തന്ത്രവും ഉള്‍പ്പെടെയുള്ള നയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഫ്രീലാന്‍ഡിന്റെ രാജിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഡിസംബറില്‍ ട്രൂഡോ പറഞ്ഞത് മിക്ക കുടുംബങ്ങളിലേയും പോലെ ചിലപ്പോള്‍ തങ്ങള്‍ അവധി ദിവസങ്ങളില്‍ വഴക്കുണ്ടാക്കുമെന്നും അതിലൂടെ നമ്മുടെ വഴി കണ്ടെത്തുന്നുവെന്നുമായിരുന്നു. താന്‍ ഈ രാജ്യത്തെയും പാര്‍ട്ടിയേയും അഗാധമായി സ്‌നേഹിക്കുന്നുവെന്നും നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും ഒപ്പം സ്‌നേഹമാണ് കുടുംബങ്ങളെക്കുറിച്ചുള്ളതെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫ്രീലാന്‍ഡാകട്ടെ തന്റെ രാജിക്കത്തില്‍ ട്രൂഡോയെയും അദ്ദേഹത്തിന്റെ 'വിലയേറിയ രാഷ്ട്രീയ ഗിമ്മിക്കുകളും' ആക്ഷേപിക്കുകയാണ് ചെയ്തത്. ഫ്രീലാന്‍ഡിന്റെ രാജിയെത്തുടര്‍ന്ന് ട്രൂഡോ മാധ്യമ സമ്മേളനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു.
അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ലിബറല്‍ പാര്‍ട്ടി പരാജയം നേരിട്ടത് ആഭ്യന്തര കലഹങ്ങള്‍ ശക്തമാക്കി.
ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) നേതാവ് ജഗ്മീത് സിംഗിനെപ്പോലുള്ള പ്രധാന സഖ്യകക്ഷികള്‍ കനേഡിയന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് ഇതിനകം പറഞ്ഞിട്ടുണ്ട്. നിലവില്‍ ശൈത്യകാല അവധിയാണെങ്കിലും ജനുവരി 27ന് കനേഡിയന്‍ പാര്‍ലമെന്റ് നടപടികള്‍ പുന:രാരംഭിക്കും.
ട്രൂഡോ രാജിവെക്കുകയാണെങ്കില്‍ ജനപ്രീതിയുള്ള നേതാവിനെ കണ്ടെത്തുക എന്നതായിരിക്കും ലിബറല്‍ പാര്‍ട്ടിയുടെ പ്രധാന വെല്ലുവിളി. കാനഡയിലാകട്ടെ ഇടക്കാല നേതാവിന് പാര്‍ട്ടിയുടെ സ്ഥിരം നേതൃത്വത്തിലേക്ക് മത്സരിക്കാന്‍ കഴിയില്ല. ഡൊമിനിക് ലെബ്ലാങ്ക്, മെലാനി ജോളി, ഫ്രാങ്കോയിസ്- ഫിലിപ്പ് ഷാംപെയ്ന്‍, മാര്‍ക്ക് കാര്‍ണി തുടങ്ങിയ പേരുകള്‍ സാധ്യതാ പട്ടികയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിലേക്കുള്ള മത്സരവും അതിന്റെ സമയക്രമവും പാര്‍ട്ടിയെ ദുര്‍ബലമാക്കാനാണ് സാധ്യത.
കാനഡയുടെ ലിബറല്‍ നേതാവിനെ പ്രത്യേക കണ്‍വെന്‍ഷനിലൂടെയാണ് തെരഞ്ഞെടുക്കുക. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുത്തേക്കാം. ലിബറലുകള്‍ക്ക് സ്ഥിരം നേതാവ് ഉണ്ടാകുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ പാര്‍ട്ടിക്ക് ബാലറ്റ് പെട്ടിയില്‍ അപകട സാധ്യതകള്‍ നേരിടേണ്ടിവരും.
പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ പിയറി പൊയിലിവര്‍ നയിക്കുന്ന പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മികച്ച ലീഡ് നേടിയതോടെയാണ് ട്രൂഡോയുടെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമായത്. കാര്‍ബണ്‍ നികുതി പിന്‍വലിക്കുമെന്നും കാനഡയിലെ ഭവന പ്രതിസന്ധി പരിഹരിക്കുമെന്നും പ്രഖ്യാപിച്ച പൊയ്ലിവര്‍ ജനങ്ങളുടെ സാമ്പത്തിക നിരാശകളെ ഉപയോഗപ്പെടുത്തിയതോടെ ചില സര്‍വേകള്‍ ലിബറലുകളെക്കാള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇരട്ട അക്ക ലീഡാണ് കാണിച്ചത്.
2023 സെപ്തംബറില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ട് എന്ന ട്രൂഡോയുടെ ആരോപണം ഉയര്‍ന്നതോടെ ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മില്‍ നയതന്ത്ര രംഗത്ത് സംഘര്‍ഷം പുകഞ്ഞു. കാനഡയിലെ ഒരു സിഖ് ക്ഷേത്രത്തിന് പുറത്ത് നിജ്ജാറിന് വെടിയേറ്റതിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം 'അസംബന്ധം' എന്നുപറഞ്ഞാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇന്ത്യ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന ട്രൂഡോയുടെ അവകാശവാദം ആഭ്യന്തരമായും അന്തര്‍ദേശീയമായും നിശിത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.
പിന്നാലെ നിജ്ജാര്‍ കേസില്‍ കാനഡ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ 'താത്പര്യമുള്ള വ്യക്തികള്‍' എന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ഒട്ടാവയിലെ തങ്ങളുടെ ദൂതനെ തിരിച്ചുവിളിക്കുകയും ചെയ്തു. ടൊറന്റോയ്ക്ക് സമീപമുള്ള ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് ബന്ധമുണ്ടെന്നതും ഇന്ത്യ നിരന്തരം നിരസിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി ഖാലിസ്ഥാനി അനുഭാവികള്‍ക്ക് ട്രൂഡോ ഭരണകൂടം വഴങ്ങുകയാണെന്ന ആരോപണം ഉയര്‍ത്തുകയും ചെയ്തു.
ജി 20 ഉച്ചകോടി പോലുള്ള അന്താരാഷ്ട്ര വേദികളിലെ യോഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം സാഹചര്യങ്ങളുണ്ടായിട്ടും കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവുകളൊന്നും നല്‍കാന്‍ കാനഡ ശ്രമിച്ചില്ല.
ഈ ആരോപണങ്ങള്‍ കാനഡയിലെ ഖാലിസ്ഥാനി സിഖ് വോട്ട് അടിത്തറയുടെ ഒരു വിഭാഗത്തെ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ചിലര്‍ കരുതുന്നു. എന്നിരുന്നാലും, ഈ തന്ത്രം തിരിച്ചടിച്ചതായും വിലയിരുത്തലുകളുണ്ട്. പല കനേഡിയന്‍മാരും ദേശീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിഷയമായാണ് ഇതിനെ കാണുന്നത്.