ഗാസയിലേക്ക് സഹായം അനുവദിച്ചില്ലെങ്കില്‍ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് ബ്ലിങ്കന്‍

ഗാസയിലേക്ക് സഹായം അനുവദിച്ചില്ലെങ്കില്‍ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് ബ്ലിങ്കന്‍


ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഗാസയിലേക്ക് സഹായം അനുവദിച്ചില്ലെങ്കില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആസൂത്രണം ചെയ്ത പ്രകാരം ഇസ്രായേല്‍ സന്ദര്‍ശിക്കില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് തെക്കന്‍ ഇസ്രായേലിനെ ആക്രമിക്കുകയും 1,200ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ പ്രാരംഭ ഉപരോധവുമായി ബന്ധപ്പെട്ട് ബ്ലിങ്കന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്. 

ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെങ്ങനെയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി കൂടുതല്‍ വിശദമായി വിവരിച്ചത്. 'ഗാസയിലെ പാലസ്തീനികള്‍ക്ക് ആവശ്യമായ മാനുഷിക സഹായം ലഭിക്കുന്നതിനുള്ള അടിസ്ഥാന നിര്‍ദ്ദേശത്തെക്കുറിച്ച്' മണിക്കൂറുകളോളം വാദിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്‍പത് മണിക്കൂറാണ് താന്‍ വാദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഒടുവില്‍ സഹായം ലഭ്യമാക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ബൈഡന്‍ ഇസ്രായേലിലേക്ക് വരില്ലെന്ന് തനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നുവെന്ന് പറഞ്ഞു. ഇക്കാര്യം ബൈഡനെ വിളിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹവും അക്കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും ബ്ലിങ്കന്‍ വിശദമാക്കി. 

ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് യു എസ് വിശ്വസിക്കുന്നില്ലെന്ന് ബ്ലിങ്കെന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നിരുന്നാലും മനുഷ്യത്വപരമായ സഹായം അനുവദിക്കാന്‍ ഇസ്രായേല്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്ത സമയങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ജൂലൈയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിന് നെതന്യാഹുവല്ല ഉത്തരവാദിയെന്നും ആത്യന്തികമായി ഒരു കരാര്‍ പരാജയപ്പെടുത്തിയത് ഹമാസാണെന്നും കൂട്ടിച്ചേര്‍ത്തു.