ട്രംപിന്റെ ലാസ് വെഗാസ് ഹോട്ടലിന് മുന്നില്‍ ടെസ്‌ല വാന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്; ഭീകരാക്രമണമോ എന്ന് അന്വേഷണം

ട്രംപിന്റെ ലാസ് വെഗാസ് ഹോട്ടലിന് മുന്നില്‍ ടെസ്‌ല വാന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്; ഭീകരാക്രമണമോ എന്ന് അന്വേഷണം


ലാസ് വെഗാസ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയില്‍ ലാസ് വെഗാസിലുള്ള ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ടെസ്ല സൈബര്‍ ട്രക്ക് തീപിടിച്ചു പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ 7 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തില്‍ നിറയെ പടക്കങ്ങളുണ്ടായിരുന്നു എന്നും അതു പൊട്ടിത്തെറിച്ചു എന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ സംഭവം തീവ്രവാദ പ്രവര്‍ത്തനമാകാന്‍ സാധ്യതയുണ്ടോ എന്നും പുതുവര്‍ഷ ദിനത്തില്‍ ന്യൂഓര്‍ലിയന്‍സില്‍ പിക് അപ് വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി 15 പേരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടോ എന്നും എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധന്‍ രാവിലെ 8. 40നായിരുന്നു സംഭവം. ടൂറോ ആപ് വഴി വാടകയ്ക്ക് എടുത്ത വാഹനമാണ് പൊട്ടിത്തെറിച്ചത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ടൂറോ ആപ്പുവഴി തന്നെ വാടകയ്ക്കെടുത്ത ട്രക്കാണ് ന്യൂ ഓര്‍ലിയാന്‍സിലും അപകടം ഉണ്ടാക്കിയതും 15 പേര്‍ കൊല്ലപ്പെട്ടതും.

ട്രക്കില്‍ അടങ്ങിയിരിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പടക്കങ്ങള്‍, ഗ്യാസ് ടാങ്കുകള്‍, ഇന്ധനം എന്നിങ്ങനെ തീപിടിക്കാന്‍ ശേഷിയുള്ള നിരവധി വസ്തുക്കളുണ്ടായിരുന്നു. ഇവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സിസ്റ്റം ഉണ്ടായിരുന്നെന്നും അതിന്റെ കണ്‍ട്രോള്‍ ഡ്രൈവറുടെ പക്കലുണ്ടായിരുന്നിരിക്കുമെന്നും പോലീസ് കരുതുന്നു.

നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ലാസ് വെഗാസ് ഹോട്ടലിന് പുറത്തുള്ള സൈബര്‍ ട്രക്കില്‍ ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ടെസ്ലയിലെ ഉന്നത സംഘം അന്വേഷിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ എലോണ്‍ മസ്‌ക് അറിയിച്ചു. വാഹനത്തിന്റെ തകരാറല്ല, അതിലുണ്ടായിരുന്ന പടക്കമോ അല്ലെങ്കില്‍ ബോംബോ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
'മുഴുവന്‍ ടെസ്ല സീനിയര്‍ ടീമും ഇപ്പോള്‍ ഈ വിഷയം അന്വേഷിക്കുകയാണ്' എന്ന് മസ്‌ക് എക്‌സ്-ല്‍ എഴുതി. 'ഞങ്ങള്‍ എന്തെങ്കിലും അറിഞ്ഞാലുടന്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യും. മുമ്പ് ഒരിക്കലും ഇതുപോലൊന്ന് സംഭവിച്ചിട്ടില്ലെന്നും മസ്‌ക് അറിയിച്ചു.