ഫോണല്ല മനസ്സാണ് ഹാക്ക് ചെയ്തത്; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ഫോണല്ല മനസ്സാണ് ഹാക്ക് ചെയ്തത്; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ


തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി വേണമെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ശുപാര്‍ശയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നേരത്തെ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്.

കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ പൊലീസിന് നല്‍കിയത്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഗൂഗിള്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കളും വിവരം നല്‍കി. ഇതോടെ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്‌സാപ്പും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഒക്ടോബര്‍ 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനല്‍കിയത്. അതേസമയം, ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാല്‍ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യാനാകില്ലെന്ന് പൊലീസ് പറയുന്നു.