ബിജു ജോസഫ് കൊലക്കേസ്: മുന്‍ ബിസിനസ് പങ്കാളി ജോമോന്‍ അറസ്റ്റില്‍

ബിജു ജോസഫ് കൊലക്കേസ്: മുന്‍ ബിസിനസ് പങ്കാളി ജോമോന്‍ അറസ്റ്റില്‍


തൊടുപുഴ: കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ കണ്ടെത്തി. ഭിത്തിയടക്കം തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. തൊടുപുഴയിലെ സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളി ഉള്‍പ്പെടെ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി. 

ബിജുവും ജോമോനും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിന്‍ എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണില്‍ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ നാല് പ്രതികളാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്.