തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്നും സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ ഡി എഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഫലം അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
ജനവിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. യു ഡി എഫ്- ബി ജെ പി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലര്‍ത്തി.
ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങള്‍ തങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കും. സര്‍ക്കാരിനെതിരായ വികാരം ഉണ്ടായോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും. ഇടത് മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ഇടത് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാനാകൂ. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നുള്ള എല്ലാ പാഠങ്ങളും പഠിക്കും. സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എം എം മണിയുടെ വിവാദ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജനങ്ങളെ മാനിക്കണമെന്നും ജനം തങ്ങള്‍ക്ക് താഴെയാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നെന്നായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.
