തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎ വിജയം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവെന്ന് നരേന്ദ്ര മോഡി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎ വിജയം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവെന്ന് നരേന്ദ്ര മോഡി


ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയ്ക്ക് ലഭിച്ച ജനവിധിയെ കേരള രാഷ്ട്രീയത്തിലെ 'വഴിത്തിരിവായ നിമിഷം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്. അസാധാരണ വിജയം ഉറപ്പാക്കിയതിന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

45 വര്‍ഷമായി ഇടതുപക്ഷം കൈവശംവച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ ഡി എ വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ഇടതുകക്ഷികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിച്ച പ്രധാനമന്ത്രി കേരളത്തില്‍ അടിത്തട്ടില്‍ പ്രവര്‍ത്തിച്ച് പോരാടിയ തലമുറകളായ കര്‍മ്മയോഗികളുടെ പരിശ്രമങ്ങളാണ് ഇന്നത്തെ വിജയം യാഥാര്‍ഥ്യമാക്കിയതെന്ന് പറഞ്ഞു. 'നന്ദി തിരുവനന്തപുരം!' എന്നും അദ്ദേഹം കുറിച്ചു.

കേരളത്തിന്റെ വികസനാഭിലാഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുക ബി ജെ പിക്കു മാത്രമാണെന്നുറച്ച വിശ്വാസമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സജീവ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ 'ഈസ് ഓഫ് ലിവിംഗ്' മെച്ചപ്പെടുത്തുകയും ചെയ്യും എന്ന് വികസിത തിരുവനന്തപുരം എന്ന ഹാഷ്ടാഗോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും അവരില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ കഠിനാധ്വാനം ചെയ്ത എല്ലാ ബി ജെ പി പ്രവര്‍ത്തകര്‍ക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച മോഡി അവരുടെ പരിശ്രമമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഈ അസാധാരണ വിജയം ഉറപ്പാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു.