ഡമാസ്‌കസ്/ വാഷിങ്ടണ്‍: സിറിയയിലെ പാല്‍മിറയില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു സിവിലിയന്‍ യു എസ് വിവര്‍ത്തകനും കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.
ഐ എസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന 'പ്രധാന നേതൃ സമ്പര്‍ക്ക' നടപടിക്കിടെയായിരുന്നു ആക്രമണം നടന്നതെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ച ശേഷം കുറഞ്ഞത് 24 മണിക്കൂര്‍ കഴിയുന്നതുവരെ കൊല്ലപ്പെട്ടവരുടെ പേരുകളും യൂണിറ്റ് വിവരങ്ങളും പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശത്താണ് ആക്രമണം നടന്നതെന്നും പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ഐ എസ് ആക്രമണത്തിന് പിന്നിലുണ്ടാകാനാണ് സാധ്യതയെന്നും ഒരു പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ എന്‍ ബി സി ന്യൂസിനോട് പറഞ്ഞു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മറ്റൊരു എക്‌സ് പോസ്റ്റില്‍ ആക്രമണം നടത്തിയയാളെ യു എസ് പങ്കാളി സേനകള്‍ വധിച്ചതായി അറിയിച്ചു. പ്രതിയെക്കുറിച്ചോ പങ്കെടുത്ത സേനകളെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഈ ആക്രമണം നടത്തിയ ക്രൂരനെ പങ്കാളി സേനകള്‍ ഇല്ലാതാക്കിയെന്നും അമേരിക്കക്കാരെ ലക്ഷ്യമിടുന്നവര്‍ യു എസ് നിങ്ങളെ തേടിപ്പിടിച്ച് കണ്ടെത്തി നിര്‍ദാക്ഷിണ്യം വധിക്കുമെന്ന സത്യം അറിഞ്ഞുകൊണ്ടായിരിക്കും നിങ്ങളുടെ ശേഷിച്ച ചെറുതും ആശങ്കാജനകവുമായിരിക്കും ജീവിതമെന്നും ഹെഗ്‌സെത്ത് പറഞ്ഞു.
അതേസമയം, യു കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആക്രമണം നടത്തിയയാള്‍ സിറിയന്‍ സുരക്ഷാ സേനയിലെ അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ യു എസ് സൈന്യത്തിന് സിറിയയില്‍ ഏകദേശം രണ്ടായിരം സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമായും വടക്കുകിഴക്കന്‍ മേഖലകളിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നത് തടയുന്നതിന് പ്രാദേശിക സുരക്ഷാ സേനകളുമായി ചേര്‍ന്നാണ് യു എസ് സേന പ്രവര്‍ത്തിക്കുന്നത്. മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ വിമതര്‍ പുറത്താക്കിയതിന് പിന്നാലെ പുതിയ നേതാവ് അഹമ്മദ് അല്‍-ശാറയുടെ നേതൃത്വത്തിലുള്ള ഡമാസ്‌കസുമായി യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വീണ്ടും ഇടപെടലുകള്‍ ശക്തമാക്കിയിട്ടുണ്ട്.
