ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ ചില വെട്ടിനിരത്തലുകള്‍ നടത്തിയാണ് സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്തനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ഇടുക്കിയില്‍ നിന്ന് കെ.കെ ശിവരാമനെ ഒഴിവാക്കിയപ്പോള്‍ ഇ.എസ് ബിജിമോളെ ക്ഷണിതാവാക്കി. സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോണ്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കെ.എം ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു.
മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ കാനം പക്ഷത്തിന്റെ പൂര്‍ണ പിന്തുണ ബിനോയ് വിശ്വത്തിനുണ്ടായിരുന്നു. വി.എസ്. സുനില്‍ കുമാര്‍, പി.എസ്. സുപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ ഇസ്മായില്‍പക്ഷ നേതാക്കളും ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടേയെന്ന നിലപാടിലായിരുന്നു.
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
